ദുബായ്: നവകേരള സൃഷ്ടിക്ക് ധനസമാഹരണം ലക്ഷ്യമിട്ട് താരസംഘടന അമ്മയും ഏഷ്യാനെറ്റും ചേർന്ന് താരങ്ങളുടെ മെഗാ ഷോ സംഘടിപ്പിക്കുന്നു. ഡിസംബര്‍ ഏഴിന് അബുദാബി ആംഡ് ഫോഴ്സസ് ഓഫീസേഴ്സ് ക്ലബില്‍ വെച്ച് നടക്കുന്ന ഷോയ്ക്ക് 'ഒന്നാണ് നമ്മള്‍' എന്നാണ് പേരിട്ടിരിക്കുന്നത്.

ദുബായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വെച്ച് അമ്മ പ്രസിഡന്റ് മോഹൻലാലും സ്റ്റാർ സൗത്ത് ഇന്ത്യ ബിസിനസ് ഹെഡ് കെ മാധവനും ചേര്‍ന്നാണ് മെഗാ ഷോ പ്രഖ്യാപിച്ചത്. നവകേരളത്തിനായി എല്ലാവരും ഒരുമിക്കുന്ന അവസരത്തില്‍ അതിന് ഊര്‍ജ്ജം പകരാനായാണ് ഏഷ്യനെറ്റും അമ്മയും കൈകോര്‍ക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീളുന്ന പരിപാടി പഞ്ചഭൂതങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ മണിക്കൂറുള്ള അഞ്ച് ഭാഗങ്ങളായാണ് ചിട്ടപ്പെടുത്തുന്നത്. പുതിയ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന ഷോ രാജീവ് കുമാറാണ് സംവിധാനം ചെയ്യുന്നത്.

മലയാള സിനിമാ രംഗത്ത് നിന്ന് ആറുപതോളം കലാകാരന്മാര്‍ പങ്കെടുക്കും. 100 ദിര്‍ഹം മുതലായിരിക്കും ടിക്കറ്റുകള്‍. എണ്ണായിരത്തിലധികം പേര്‍ക്ക് പരിപാടി ആസ്വദിക്കാനാവും. ഷോയില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് സ്റ്റാർ സൗത്ത് ഇന്ത്യ ബിസിനസ് ഹെഡ് കെ മാധവന്‍ പറഞ്ഞു. ഷോയുടെ ലോഗോയും പ്രമോഷണല്‍ വീഡിയോകളും വാര്‍ത്താസമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്തു.