Asianet News MalayalamAsianet News Malayalam

ഫീസടയ്ക്കാന്‍ പ്രയാസമുണ്ട്; ഗള്‍ഫ് മലയാളി സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സമയം നീട്ടിനല്‍കണമെന്ന് മുഖ്യമന്ത്രി

വിദേശത്തുള്ള മലയാളികളെ ചേര്‍ത്ത് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് പ്രവാസികള്‍ സ്‌കൂള്‍ ഫീസ് പ്രശ്‌നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
 

cm asks gulf school managements to give time for fees
Author
Thiruvananthapuram, First Published Apr 6, 2020, 6:57 PM IST

തിരുവനന്തപുരം: ലോകമാകെ വ്യാപിച്ചുകിടക്കുന്ന പ്രവാസി മലയാളി സമൂഹം ആശങ്കയിലാണെന്നും അവരെ ചേര്‍ത്ത് നിര്‍ത്തണമെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തേ സാമ്പത്തികമായി നല്ല നിലയിലായിരുന്നു പ്രവാസികള്‍. എന്നാല്‍ മിക്കവരും ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഈ അദ്ധ്യയന വര്‍ഷത്തെ ഫീസ് നല്‍കേണ്ടസമയമാണിപ്പോള്‍. ഈ സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ നടത്തുന്ന സ്‌കൂള്‍ മാനേജ്‌മെന്റിനോട് പരസ്യ അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി രംഗത്തെത്തി. 

''അത് രാജ്യത്തെന്നല്ല എവിടെ ആയാലും ഈ കാലം ദുര്‍ഘടകാലമാണ്. നേരത്തേ പ്രവാസികള്‍ സാമ്പത്തികമായി ശേഷി ഉള്ളവരായിരുന്നെങ്കിലും ഇപ്പോള്‍ പ്രയാസമുണ്ട്. എല്ലായിടത്തും ഫീസടക്കല്‍ മാറ്റി വച്ചിരിക്കുയാണ്. അത് മാനിച്ച് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഫീസടക്കാന്‍ ഇപ്പോള്‍ നിര്‍ബന്ധിക്കരുത്. ഫീസ് അടക്കാനുള്ള സമയം നീട്ടി വയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'' - മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

വിദേശത്തുള്ള മലയാളികളെ ചേര്‍ത്ത് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് പ്രവാസികള്‍ സ്‌കൂള്‍ ഫീസ് പ്രശ്‌നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കേരള സഭയില്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഫറന്‍സിംഗില്‍ പങ്കെടുത്തു. വിവധ വിഷയങ്ങള്‍ ചര്‍ച്ചയായെന്നും മുഖ്യമന്ത്രി അറിയിച്ചു. 

പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൊവിഡ് ബാധ സംശയമുണ്ടെങ്കില്‍ ക്വാറന്റൈനില്‍ പോകാനായി കെട്ടിടമടക്കമുള്ള സംവിധാനമൊരുക്കാന്‍ വിദേശത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സന്നദ്ധസംഘടനാപ്രവര്‍ത്തകരോടും വിവിധ സംഘടനകളോടും ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല, ക്വാറന്റൈന്‍ സംവിധാനം ഒരുക്കുമ്‌പോള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ രീതിയില്‍ നടത്താനും ആവശ്യപ്പെട്ടുവെന്നും സ്ന്നദ്ധപ്രവര്‍ത്തകര്‍ അത് പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios