Asianet News MalayalamAsianet News Malayalam

കൊവിഡ് 19: കുവൈത്തിലും പടര്‍ന്നു പിടിക്കുന്നു; മൂന്ന് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രികളിൽ ഐസലേഷൻ വിഭാഗത്തിലാണ് ഇവരുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ആരോഗ്യ മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാരുടെയും അവധി റദ്ദാക്കി

corona virus spread in kuwait
Author
Kuwait City, First Published Feb 26, 2020, 12:00 AM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം കൂടുന്നു. മൂന്ന് പേർക്ക് കൂടി ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം എട്ടായി. വൈറസ് കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവെന്ന് അധികൃതർ അറിയിച്ചു.

കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നവരെല്ലാവരും കഴിഞ്ഞ ദിവസം ഇറാനിൽ നിന്നെത്തിയവരാണ്. ഇറാനിൽ നിന്ന് കുവൈത്തിലെത്തിച്ച എല്ലാവരും കർശന നിരീക്ഷണത്തിലാണന്ന് അധികൃതർ വ്യക്തമാക്കി. വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രികളിൽ ഐസലേഷൻ വിഭാഗത്തിലാണ് ഇവരുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ആരോഗ്യ മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാരുടെയും അവധി റദ്ദാക്കി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ അവധി നൽകേണ്ടന്നാണ് തീരുമാനം. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ദേശീയ ദിനാഘോഷവും വിമോചന ദിനാചരണ ആഘോഷങ്ങളും കുവൈത്ത് ഉപേഷിച്ചതിനു പിന്നാലെ വിവിധ മലയാളി സംഘടനകൾ നടത്താനിരുന്ന പരിപാടികളും റദ്ദാക്കി.

അതേസമയം, കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇറാനിയന്‍ പൗരന്മാര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. രാജ്യത്തേക്കുള്ള പ്രവേശന നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള നിര്‍ദേശം ആരോഗ്യ മന്ത്രാലയത്തില്‍
നിന്ന് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെന്ന് താമസകാര്യ വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ അല്‍ മറാഫി പറഞ്ഞു.

ഹോങ്കോങ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിന് നേരത്തെ തന്നെ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് ബാധിതര്‍ ഏറെയുള്ള ഈ രാജ്യങ്ങളില്‍ നിന്ന് കുവൈത്തില്‍ താമസ വിസയുള്ള പ്രവാസികള്‍ക്ക് അധികൃതര്‍ പ്രത്യേക ഇളവ് അനുവദിച്ചു.

ഇവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ വിലക്കുള്ളതിനാല്‍ മൂന്ന് മാസത്തേക്ക് പ്രത്യേക അവധിക്കുള്ള അനുമതിയാണ് അധികൃതര്‍ അനുവദിച്ചത്. മൂന്ന് മാസത്തെ കാലയളവ് പൂര്‍ത്തിയായ ശേഷം ഇവരുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ അപ്പോഴത്തെ സാഹചര്യത്തിന് അനുസൃതമായി സ്വീകരിക്കുമെന്നാണ് അറിയിപ്പ്.

Follow Us:
Download App:
  • android
  • ios