റിയാദ്: കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്തുന്നതിനായി ഗള്‍ഫ് രാജ്യങ്ങളുടെ അടിയന്തര യോഗം സൗദി തലസ്ഥാനമായ റിയാദില്‍ ചേര്‍ന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച യുഎഇയെ യോഗത്തില്‍ മറ്റ് രാജ്യങ്ങള്‍ അഭിനന്ദിച്ചു.

മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വഴി വൈറസ്ബാധ പരക്കാതിരിക്കാന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വിലയിരുത്തി. വിവരങ്ങള്‍ പരസ്‍പരം കൈമാറാനും തുടര്‍നടപടികള്‍ കൈക്കൊള്ളാനും തീരുമാനിച്ചു. കൊറോണ വൈറസ് ബാധ നിയന്ത്രിക്കാന്‍ ചൈനീസ് ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ക്ക് യോഗം പിന്തുണ അറിയിച്ചു.

ജിസിസി ജനറല്‍ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍, ഗള്‍ഫ് മേഖലയിലെ ഓരോ രാജ്യങ്ങളിലെയും സ്ഥിതി വിലയിരുത്തി. മുന്‍കരുതല്‍ നടപടികളും മറ്റ് തയ്യാറെടുപ്പുകളും രോഗവുമായി ബന്ധപ്പെട്ട കണക്കുകളും അവലോകനം ചെയ്തു. വിമാനത്താവളങ്ങളിലെ പരിശോധന അടക്കമുള്ള പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.