റിയാദ്: കോവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവിസുകൾക്കും പൊതുഗതാഗതത്തിനും ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. സർക്കാർ ഓഫീസുകൾക്ക് പ്രഖ്യാപിച്ച അവധിയും അനിശ്ചിതകാലം തുടരും. ഈ മാസം 14നാണ് രണ്ടാഴ്ചത്തേക്ക് അന്താരാഷ്ട്ര വിമാനസർവിസുകൾ നിർത്തിവെച്ചത്. രണ്ടാഴ്ച കാലാവധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ആഭ്യന്തര മന്ത്രാലയം അനിശ്ചിതകാലത്തേക്ക് നീട്ടിയത്. 

കോവിഡ് 19 ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. ബസ്, ട്രെയിൻ, ടാക്സി സർവിസുകളുടെ വിലക്കും തുടരും. അപൂർവം ചില വകുപ്പുകൾക്ക് ഒഴികെ സർക്കാർ കാര്യാലയങ്ങൾക്ക് ഏർപ്പെടുത്തിയ പൊതു അവധിയുമാണ് അനിശ്ചിതകാലത്തേക്ക് നീട്ടുന്നത്. സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ച നിബന്ധനകളും ഇനിയൊരു അറിയിപ്പ് വരെ പാലിക്കണം.