ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരം കടന്നു. മരണസംഖ്യ 37 ആയി. യുഎഇയില്‍ ഇന്നലെ മാത്രം 210 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍ താമസ വിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാനുള്ള വിലക്ക് രണ്ടാഴ്ചത്തേക്ക് നീട്ടി. കുവൈത്തില്‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 210 പേരിലാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം 5074 ആയി. സൗദിയില്‍ അഞ്ച് പേര്‍ മരിച്ചു. മക്കയിൽ മാത്രം രോഗികളുടെ എണ്ണം 725 ആയതിന്‍റെ പശ്ചാത്തലത്തില്‍ മക്കയിലും മദീനയിലും 24 മണിക്കൂർ കർഫ്യൂ ഏര്‍പ്പെടുത്തി. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തില്‍ ആശങ്ക പടർത്തി രോഗബാധിതരുടെ എണ്ണം കൂടുന്നു. പതിനാല് പേരിൽ കൂടി വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം എഴുപത്തിമൂന്നായി. ഖത്തറില്‍ 114 പേര്‍ക്കും ബഹറൈനില്‍ 66 പ്രവാസികളിലും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 

അതേസമയം, യുഎഇയിൽ താമസവിസയുള്ളവർക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാനുള്ള വിലക്ക് രണ്ടാഴ്ചക്കാലത്തേക്ക് കൂടി നീട്ടി. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം. കൊവിഡ് രോഗബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്തേക്കും പുറത്തേക്കുമുള്ള വിമാന വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചു. യുഎഇയിലുള്ള വിവിധ രാജ്യങ്ങളിലെ പൗരൻമാരെ സ്വദേശത്ത് തിരിച്ചെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്. 

ഇതിനായി എമിറേറ്റ്സും, ഇത്തിഹാദും ഈ മാസം അഞ്ച് മുതല്‍ പ്രത്യേക സർവീസുകൾ ആരംഭിക്കും. എമിറേറ്റ്സ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തും. തിരികെ യുഎഇയിലേക്ക് യാത്രക്കാരെ കൊണ്ടുവരില്ല. കാർഗോ വിമാനങ്ങളായിരിക്കും തിരിച്ചുവരികയെന്നും അധികൃതര്‍ അറിയിച്ചു.