റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ അഞ്ചുപേര്‍ കൂടി മരിച്ചു. മൂന്ന് പ്രവാസികളും രണ്ട് സൗദി പൗരന്മാരുമാണ് മരിച്ചത്. മദീന, ദമ്മാം, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിലാണ് മരണം. മരണസംഖ്യ ഇതോടെ 21 ആയി. പുതുതായി 64 പേര്‍ സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 328 ആയി ഉയര്‍ന്നു. 165 പേര്‍ക്ക് പുതുതായി  കൊവിഡ് ബാധ സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 1885 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ മക്കയിലാണ്, 48 പേര്‍. 

മദീനയില്‍ 46ഉം ജിദ്ദയില്‍ 30ഉം ഖഫ്ജിയില്‍ ഒമ്പതും റിയാദില്‍ ഏഴും ഖമീസ് മുശൈത്തില്‍ ആറും ഖത്വീഫില്‍ അഞ്ചും ദഹ്‌റാനിലും ദമ്മാമിലും നാലുവീതവും അബ്ഹയില്‍ രണ്ടും അല്‍ഖോബാര്‍, റാസതനൂറ, അഹദ് റഫീദ, ബിഷ എന്നിവിടങ്ങില്‍ ഒരോന്ന് വീതവും കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് സൗദിയില്‍ തിരിച്ചെത്തിയതും ബാക്കിയുള്ളവര്‍ക്ക് നേരത്തെ രോഗം ബാധിച്ചവരില്‍ നിന്ന് പകര്‍ന്നതുമാണ്.