Asianet News MalayalamAsianet News Malayalam

പാകിസ്ഥാൻ, യുഎഇ, സൗദി; കൊവിഡ് പ്രതിരോധം ശക്തമാക്കണം, കൈവിട്ട് പോകുമെന്ന് ലോകാരോഗ്യ സംഘടന

മിഡിൽ ഈസ്റ്റിൽ രണ്ട് ദിവസത്തിനകം കേസുകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. ചില രാജ്യങ്ങളിലെങ്കിലും ആഭ്യന്തരസംഘർഷങ്ങൾ മൂലം ആരോഗ്യമേഖല തകർച്ചയിലാണെന്നത് ലോകാരോഗ്യസംഘടനയെ ആശങ്കയിലാക്കുന്നു.
 

covid 19 middle east countries should take strong steps else situation will get worse warns who
Author
Oman, First Published Apr 4, 2020, 7:38 AM IST

ദമാം: മിഡിൽ ഈസ്റ്റിൽ കഴിഞ്ഞ ഒരാഴ്ച കൊണ്ട് കൊവിഡ് ബാധിതരുടെ എണ്ണം അറുപതിനായിരം കവിഞ്ഞ പശ്ചാത്തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ഒരാഴ്ച കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിയായത് എന്നതാണ് ലോകാരോഗ്യസംഘടനെ ആശങ്കയിലാക്കുന്നത്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഉൾപ്പടെ ആരോഗ്യ സംവിധാനം ദുർബലമായ രാജ്യങ്ങളിൽ കൊവിഡ് ബാധ പടർന്നാൽ കാര്യങ്ങൾ കൈ വിട്ട് പോകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നു. 

''ഏറ്റവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഏറ്റവും ദുർബലമായ ആരോഗ്യസംവിധാനങ്ങളുള്ള രാജ്യങ്ങളിലാണ്. ശക്തമായ ആരോഗ്യസംവിധാനങ്ങളുള്ള രാജ്യങ്ങൾ തന്നെ രോഗവ്യാപനം പടർന്ന് പിടിക്കുന്നത് കണ്ട് അങ്കലാപ്പിലാണ്'', എന്ന് മധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ അഹ്മദ് അൽ- മന്ധാരി പറയുന്നു. 

മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം അതി നിര്‍ണായക ഘട്ടത്തിലെന്ന് പറയുന്ന ലോകാരോഗ്യ സംഘടന, യുഎഇയും സൗദിയും ഖത്തറും ശക്തമായ പ്രതിരോധ നടപടികള്‍ ഉടൻ കൈക്കൊണ്ടില്ലെങ്കില്‍ രോഗം നിയന്ത്രിക്കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പ് നൽകുന്നു. യുഎഇയില്‍ ഇന്നലെ 240 പേരില്‍ കൂടി കൊവിഡ് സ്ഥിരീകരിച്ചു, ഒരാള്‍ മരിച്ചു.

ഇറാനിലൊഴികെ, മിഡിൽ ഈസ്റ്റിൽ പൊതുവെ രോഗബാധിതരുടെ എണ്ണം കുറവാണെന്നാണ് കരുതപ്പെട്ടിരുന്നത്. യൂറോപ്പിനെയും അമേരിക്കയെയും ഏഷ്യയെയും താരതമ്യം ചെയ്യുമ്പോൾ പ്രത്യേകിച്ച്. എന്നാൽ ഈ രാജ്യങ്ങളിൽ പലതിലും കൊവിഡ് രോഗബാധിതരുടെ എണ്ണം വേണ്ടത്ര റിപ്പോർട്ട് ചെയ്യപ്പെടാത്തതാണെന്നാണ് ആരോഗ്യവിദഗ്ധർ തന്നെ വിലയിരുത്തുന്നത്.

''ഇപ്പോഴും രോഗവ്യാപനം നമുക്ക് തടയാനൊരു വാതിലുണ്ട്. പക്ഷേ ആ വാതിൽ ദിവസം തോറും അടയുകയാണ്. അത് ഓർക്കണം'', എന്ന് ലോകാരോഗ്യസംഘടന. 

രണ്ടു ദിവസത്തിനിടെ 450 പേരിലാണ് യുഎഇയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1444 ആയി. ഖത്തറില്‍ 1075 പേരിലും, സൗദി അറേബ്യയില്‍ 2039 പേരിലും രോഗം സ്ഥിരീകരിച്ചു. നാല് പേര്‍കൂടി മരിച്ചതോടെ സൗദിയിലെ മരണ സംഖ്യ 19 ആയി. 

അതേസമയം കുവൈത്തിൽ കൊവിഡ് ‍ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുകയാണെന്നാണ് റിപ്പോ‍ർട്ടുകൾ. ഇന്നലെ രോഗം സ്ഥിരീകരിച്ച എഴുപത്തഞ്ച് പേരിൽ നാൽപ്പത്തിരണ്ട് പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം നൂറ്റിപ്പതിനഞ്ചായി. 

വൈറസ് വ്യാപനം മൂലം സാമ്പത്തിക രംഗത്ത് ഉണ്ടായ പ്രതിസന്ധി നേരിടുന്നതിന്‍റെ ഭാഗമായി സൗദി സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെയും ആശ്രിതരുടെയും ഇഖാമ മൂന്നു മാസത്തേക്ക് സൗജന്യമായി പുതുക്കി നൽകിത്തുടങ്ങി. എക്സിറ്റ്- റീ എൻട്രി വിസയിൽ നാട്ടിൽ പോയവർക്കും ഇഖാമ പുതുക്കി ലഭിക്കും. മാർച്ച് 18 നും ജൂൺ 30 നും ഇടയിൽ ഇഖാമ കാലാവധി അവസാനിക്കുന്നവർക്കാണ് സൗജന്യമായി ഇഖാമ കാലാവധി നീട്ടി നൽകുന്നത്.

Follow Us:
Download App:
  • android
  • ios