റിയാദ്: കൊവിഡ്  ബാധിച്ച് മരിച്ച മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്‍വാന്റെ (41) മൃതദേഹം ഖബറടക്കി. ബുധനാഴ്ച ഉച്ചേയാടെ റിയാദ് നഗരത്തിന്റെ വടക്കുഭാഗത്തുള്ള മഖ്ബറയിലായിരുന്നു ഖബറടക്കം. ഇന്ത്യൻ എംബസി നൽകിയ പ്രത്യേക അനുമതി പത്രത്തിന്റെ സഹായത്തോടെ മലയാളി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരാണ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ നേതൃത്വം നൽകിയത്. 

റിയാദ് നഗരത്തിലടക്കം 24 മണിക്കൂർ കർഫ്യൂ നിലവിലുള്ളതിനാൽ കൂടുതലാളുകൾക്ക് ഖബറടക്കത്തിന് എത്താൻ അനുമതിയുണ്ടായിരുന്നില്ല. കോവിഡ് പശ്ചാത്തലത്തിൽ ഖബറടക്ക കർമങ്ങൾക്ക് എത്തുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് നേരത്തെ തന്നെ ഗവൺമെന്റ് കർശനമായ നിർദേശം നൽകിയിട്ടുണ്ട്. റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഈ മാസം രണ്ടിന് രാത്രി 9.30ഓടെയാണ് സഫ്‍വാൻ മരിച്ചത്. 

സഫ്‍വാൻ റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. മാർച്ച് എട്ടിന് സന്ദർശക വിസയിൽ റിയാദിലെത്തിയ ഭാര്യ ഖമറുന്നിസ ഒപ്പമുണ്ടായിരുന്നു. സിദ്ദീഖ് തുവ്വൂരിനോടൊപ്പം മറ്റ് സാമൂഹിക പ്രവർത്തകരായ സി.പി. മുസ്തഫ, സിദ്ദീഖ് കല്ലുപറമ്പൻ, മുനീർ മക്കാനിയത്ത് എന്നിവരാണ് തുടക്കം മുതൽ തന്നെ സഹായപ്രവർത്തനങ്ങളുമായി രംഗത്തുണ്ടായിരുന്നത്.