ദുബായ്: ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സിന് യാത്രാ വിമാനങ്ങളുടെ സര്‍വീസ് ഭാഗികമായി തുടങ്ങാന്‍ അനുമതി. പരിമിതമായ വിമാനങ്ങള്‍ക്കാണ് ഇപ്പോള്‍ യുഎഇ അധികൃതരുടെ അനുമതി ലഭിച്ചിരിക്കുന്നത്.

ഏപ്രില്‍ ആറ് മുതല്‍ ഭാഗികമായി സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് പുറത്തേക്കുള്ള യാത്രക്കാര്‍ക്ക് വേണ്ടിയായിരിക്കും സര്‍വീസുകള്‍. വാണിജ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനായി എയര്‍ കാര്‍ഗോയും ഈ വിമാനങ്ങളിലുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കുമെന്ന് എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയും ദുബായ് എയര്‍പോര്‍ട്ട്സ് സിഇഒയും ദുബായ് സിവില്‍ ഏവിയേഷന്‍ അതോരിറ്റി പ്രസിഡന്റുമായ ശൈഖ് അഹ്‍മദ് ബിന്‍ സഈദ് അല്‍ മക്തൂം അറിയിച്ചു.

യാത്രാ വിലക്കും വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണവും നീങ്ങുന്ന മുറയ്ക്ക് ക്രമേണ യാത്രാ വിമാനങ്ങളുടെ സര്‍വീസുകള്‍ പുനരാരംഭിക്കാനാണ്  എമിറേറ്റ്സ് ശ്രമിക്കുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷകൂടി ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും ഇത്. സുരക്ഷയ്ക്കാണ് തങ്ങള്‍ എപ്പോഴും പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.