അബുദാബി: യുഎഇയില്‍ താമസ വിസയുള്ള വിദേശികള്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് രണ്ടാഴ്ച കൂടി നീട്ടി. രണ്ട് ആഴ്ചകള്‍ക്ക് ശേഷം അപ്പോഴത്തെ സാഹചര്യം വിലയിരുത്തിയാവും തീരുമാനം. കൊവിഡ് 19 രോഗബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് യുഎഇ നേരത്തെ പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നത്.

സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതെന്ന് യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. താമസ വിസയുള്ളവരും ഇപ്പോള്‍ യുഎഇയിക്ക് പുറത്ത് കഴിയുന്നവരുമായ വിദേശികള്‍ തവാജുദി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.