തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട്് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കത്തുമുഖേനെ ബന്ധപ്പെട്ടുവെന്ന് മുഖ്യമന്ത്രി. വിസാ കാലാവധി ആറ് മാസം നീട്ടി നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ കേരളത്തിലേക്ക് എത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതില്‍ പ്രോട്ടോകോള്‍ വേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

കുവൈത്തില്‍ ഏപ്രില്‍ 30 വരെ ഏര്‍പ്പെടുത്തിയ പൊതുമാപ്പിന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് ഇന്ത്യന്‍ എംബസി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. അഞ്ച് കുവൈറ്റ് ദിനാറാണ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഫീസ്. ഇത് റദ്ദാക്കിയാല്‍ 40000 ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസികളുമായി വീഡിയ കോണ്‍ഫന്‍സിംഗ് വഴി നടത്തിയ ചര്‍ച്ചയില്‍ കന്ദ്രസര്‍ക്കാരിന്റെയും എംബസിയുടെയും ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ പ്രതിപാതിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.