Asianet News MalayalamAsianet News Malayalam

ഷോപ്പിങ് മാളില്‍ മോഷണം നടത്തിയ പ്രവാസി വനിതയ്ക്ക് യുഎഇയില്‍ ശിക്ഷ; മോഷണം അസുഖമാണെന്ന് വാദം

മേക്കപ്പ് സാധനങ്ങള്‍, ബ്രഷുകള്‍, മറ്റ് ഉപകരണങ്ങള്‍, രണ്ട് ബോട്ടില്‍ പെര്‍ഫ്യൂം തുടങ്ങിയവയാണ് ഇവര്‍ മോഷ്ടിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഷാര്‍ജയിലെ ഒരു മാളില്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും സുഗന്ധദ്രവ്യങ്ങളും വെച്ചിരുന്ന സ്ഥലത്തുകൂടി നടക്കുന്നതിനിടെ സാധനങ്ങള്‍ മോഷ്ടിച്ച് ബാഗിലാക്കുകയായിരുന്നു. 

expat woman caught shoplifting at UAE mall
Author
Sharjah - United Arab Emirates, First Published Jan 27, 2020, 10:12 PM IST

ഷാര്‍ജ: ഷോപ്പിങ് മാളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച പ്രവാസി വനിതയ്ക്ക് കോടതി ശിക്ഷ വിധിച്ചു. 60കാരിയായ ഇവര്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും ഇത് പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനുമാണ് കോടതി വിധിച്ചത്.

മേക്കപ്പ് സാധനങ്ങള്‍, ബ്രഷുകള്‍, മറ്റ് ഉപകരണങ്ങള്‍, രണ്ട് ബോട്ടില്‍ പെര്‍ഫ്യൂം തുടങ്ങിയവയാണ് ഇവര്‍ മോഷ്ടിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഷാര്‍ജയിലെ ഒരു മാളില്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും സുഗന്ധദ്രവ്യങ്ങളും വെച്ചിരുന്ന സ്ഥലത്തുകൂടി നടക്കുന്നതിനിടെ സാധനങ്ങള്‍ മോഷ്ടിച്ച് ബാഗിലാക്കുകയായിരുന്നു. ജീവനക്കാര്‍ തിരക്കിലായിരുന്ന സമയത്തായിരുന്നു ഇത്. മോഷ്ടിച്ച സാധനങ്ങളുമായി പുറത്തിറങ്ങി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പുറത്തേക്കുള്ള വഴിയിലെ സെക്യൂരിറ്റി അലാം ശബ്‍ദിച്ചതോടെ പിടിയിലായി.

ജീവനക്കാര്‍ ഇവരുടെ ബാഗ് പരിശോധിച്ചതോടെ നിരവധി സാധനങ്ങള്‍ കണ്ടെത്തി. പണമടയ്ക്കാന്‍ മറന്നതാണോ എന്ന് ജീവനക്കാര്‍ ചോദിച്ചെങ്കിലും അവരെ തള്ളിമാറ്റി പുറത്തേക്ക് ഇറങ്ങാന്‍ നോക്കി. ഒടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞുവെയ്ക്കുകയായിരുന്നു. പിന്നീട് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം നിഷേധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ മോഷണം വ്യക്തമായിരുന്നു.

ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. നിരവധി സ്ഥാപനങ്ങള്‍ സ്വന്തമായുള്ള ധനികയായ ബിസിനസുകാരിയാണ് താനെന്നും എന്നാല്‍ മോഷണത്വരയുണ്ടാകുന്ന 'ക്ലെപ്റ്റോമാനിയ' എന്ന അസുഖം കാരണമാണ് സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതെന്നും ഇവര്‍ വാദിച്ചു. മോഷണത്വര തടയാന്‍  തനിക്ക് സാധിക്കാറില്ലെന്നും ഇവര്‍ പറഞ്ഞു. ഈ സ്വഭാവം അവസാനിപ്പിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അവകാശപ്പെട്ടെങ്കിലും കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios