Asianet News MalayalamAsianet News Malayalam

ഒമാനിലെ കനത്ത മഴയില്‍ മരണം നാലായി; മലയാളികളുടെ മൃതദേഹങ്ങള്‍ ഒമാനില്‍ തന്നെ സംസ്കരിച്ചേക്കും

കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാന സര്‍വീസുകള്‍ക്ക് വിലക്കുള്ളതിനാല്‍ മൃതദേഹങ്ങള്‍ ഒമാനില്‍ തന്നെ സംസ്കരിക്കാനാണ് സാധ്യതയെങ്കിലും വിലക്കിന്റെ കാലയളവിനു ശേഷം  നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. 

four died in oman during the heavy rain from yesterday
Author
Muscat, First Published Mar 23, 2020, 10:52 PM IST

മസ്കത്ത്: ഒമാനിൽ കനത്ത മഴയെ തുടര്‍ന്ന് ഇന്നലെയുണ്ടായ വെള്ളപ്പാച്ചിലിൽ അകപ്പെട്ട് രണ്ടു മലയാളികളുൾപ്പെടെ നാല് പേർ മരണപെട്ടു. കൊല്ലം സ്വദേശി സുജിത്, തലശ്ശേരി സ്വദേശി ബിജീഷ് എന്നിവരാണ് മരിച്ച മലയാളികൾ. ഒരു ഒമാൻ സ്വദേശിയും  ഒരു ഏഷ്യൻ വംശജനുമാണ് മരണപ്പെട്ട മറ്റു രണ്ടുപേരെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. മലയാളികളുടെ മൃതദേഹങ്ങൾ ഇബ്രി  ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൊല്ലം തെക്കേവിള സ്വദേശി ഉത്രാടം വീട്ടിൽ സുജിത് സുപ്രസന്നന്‍,  കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശി മാരൊളി പുത്തൻപുരയിൽ ബിജിഷുമാണ് ഇന്നലെ വൈകുന്നേരമുണ്ടാ വെള്ളപ്പാച്ചിലിൽ അകപ്പെട്ടത്. മസ്കത്തിൽ നിന്നും 275 കിലോമീറ്റർ അകലെ  ഇബ്രി പ്രവിശ്യയിലെ ഖുബാറിൽ വെച്ച്  ഇവർ സഞ്ചരിച്ചിരുന്ന വാഹനം വാദി മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. രാത്രിയോടെ തന്നെ റോയൽ ഒമാൻ പോലീസ് തെരച്ചിൽ ആരംഭിച്ചിരുന്നു.

ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ തുടർന്നപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരും  ഇബ്രിയിലെ അറാക്കിയിൽ സൂപ്പർ മാർക്കറ്റ്  നടത്തി വരുകയായിരുന്നു. കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാന സര്‍വീസുകള്‍ക്ക് വിലക്കുള്ളതിനാല്‍ മൃതദേഹങ്ങള്‍ ഒമാനില്‍ തന്നെ സംസ്കരിക്കാനാണ് സാധ്യതയെങ്കിലും വിലക്കിന്റെ കാലയളവിനു ശേഷം  നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. 

'അൽ റഹ്‍മ' ന്യൂനമർദ്ദത്തിന്റെ ഫലമായി  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മുതൽ കനത്ത മഴയാണ് പെയ്തു വരുന്നത്. രാത്രിയിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ  ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios