റിയാദ്: തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ഘാതകര്‍ക്ക് മാപ്പ് നല്‍കിയതായി മകന്‍ സലാഹ് ഖഷോഗി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താനും സഹോദരങ്ങളും തങ്ങളുടെ പിതാവിന്റെ ഘാതകര്‍ക്ക് മാപ്പ് നല്‍കുകയാണെന്ന് ട്വീറ്റില്‍ പറയുന്നു.

പുണ്യമാസത്തിനെ അനുഗ്രഹീത രാവില്‍ ദൈവപ്രീതി ആഗ്രഹിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നു. "തിന്മയുടെ പ്രതിഫലം സമാനമായ തിന്മയാണെങ്കിലും ആരെങ്കിലും മാപ്പ് നല്‍കുകയും അനുരഞ്ജനമുണ്ടാക്കുകയും ചെയ്താല്‍ അവര്‍ക്ക് ദൈവത്തില്‍ നിന്നുള്ള പ്രതിഫലമുണ്ടാകുമെന്ന" ഖുര്‍ആന്‍ വാക്യം ഉദ്ധരിച്ചാണ് സലാഹ് ഖഷോഗിയുടെ ട്വീറ്റ്. അതുകൊണ്ടുതന്നെ, രക്തസാക്ഷിയായ ജമാല്‍ ഖഷോഗിയുടെ മക്കള്‍, ദൈവത്തില്‍ നിന്നുള്ള പ്രതിഫലം ആഗ്രഹിച്ച്, ഞങ്ങളുടെ പിതാവിന്റെ ഘാതകര്‍ക്ക് മാപ്പ് നല്‍കുന്നുവെന്നാണ് സന്ദേശത്തിലുള്ളത്. 
 

സൗദി  പൗരനായ ജമാല്‍ ഖഷോഗി 2018 ഒക്ടോബറിലാണ് ഇസ്തംബൂളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് കൊല്ലപ്പെടുന്നത്. തന്റെ വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കുന്നതിനായി കോണ്‍സുലേറ്റ് കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ച ജമാല്‍ ഖഷോഗി അവിടെ നിന്ന് പുറത്തുവന്നില്ല. അദ്ദേഹത്തിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ പോലും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ സൗദി അറേബ്യ, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. കേസില്‍ പ്രതികളായ മറ്റ് മൂന്ന് പേര്‍ക്ക് 24 വര്‍ഷത്തെ ജയില്‍ ശിക്ഷയും വിധിച്ചു.