Asianet News MalayalamAsianet News Malayalam

പ്രവാസികളുടെ യാത്രാദുരിതം തീരുന്നു: കരിപ്പൂരിൽ നിന്ന് ജംബോ വിമാനങ്ങൾക്ക് അനുമതി

വിമാനത്താവളത്തിന്‍റെ നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇവിടെ നിന്ന് ജംബോ വിമാനങ്ങളുടെ സർവീസ് നിർത്തലാക്കിയത്. ഇത് ഗൾഫിൽ നിന്ന് അടക്കമുള്ള പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. ഒന്നുകിൽ കണ്ണൂർ വിമാനത്താവളത്തിലോ, അല്ലെങ്കിൽ നെടുമ്പാശ്ശേരിയിലോ വിമാനമിറങ്ങി വരേണ്ട സ്ഥിതിയായിരുന്നു പ്രവാസികൾക്ക്.

jumbo flight services will be allowed from karipur international airport says air india
Author
New Delhi, First Published Dec 27, 2019, 8:42 PM IST

ദില്ലി/കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ജംബോ വിമാനങ്ങൾ സർവീസ് നടത്തുന്നതിന് അനുമതി. ഈ വർഷം മെയ് മാസത്തിൽ തന്നെ ഇവിടെ വലിയ വിമാനങ്ങൾക്ക് പറന്നിറങ്ങാൻ അനുമതി കിട്ടിയിരുന്നതാണ്. എന്നാൽ സ്ഥിരം ജംബോ സർവീസുകൾക്കുള്ള അനുമതി വൈകുകയായിരുന്നു. ഫെബ്രുവരി 17 മുതൽ കരിപ്പൂർ - ജിദ്ദ സർവീസ് തുടങ്ങുമെന്ന് എയർ ഇന്ത്യ വിമാനത്താവള അധികൃതരെ അറിയിച്ചു. 

ഡിസംബർ 24-ന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ ജംബോ വിമാനം 25-ന് രാവിലെ കോഴിക്കോട്ട് പറന്നിറങ്ങിയിരുന്നു. ഈ ലാൻഡിംഗ് തൃപ്തികരമായിരുന്നതിനാലാണ് ഇനി മുതൽ ജംബോ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി ലഭിച്ചത്. ഇനി ഇത് വഴി സ്ഥിരം സർവീസ് നടത്താമെന്ന നിലപാടിലാണ് എയർ ഇന്ത്യ. എയർ ഇന്ത്യയുടെ ജംബോ വിമാനങ്ങളാണ് ഇനി മുതൽ ഇവിടെ നിന്ന് സർവീസ് നടത്തുക.

രാജ്യത്തെ ഏറ്റവും വലിയ വിമാനമായ ജംബോ ബോയിംഗ് വിമാനമാണ് കരിപ്പൂരിലെ റൺവേ നവീകരണത്തിന് ശേഷം ആദ്യമായി ഇത് വഴി പരീക്ഷണപ്പറക്കൽ നടത്തിയത്. റൺവേയുടെ നീളം 6000 അടിയിൽ നിന്ന് 9000 അടിയാക്കി നവീകരിച്ച ശേഷവും ജംബോ വിമാനങ്ങളുടെ ദൈനംദിന സർവീസുകൾക്ക് അനുമതി വൈകിയിരുന്നു. ഇത് ഗൾഫിൽ നിന്ന് അടക്കമുള്ള പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. ഒന്നുകിൽ കണ്ണൂർ വിമാനത്താവളത്തിലോ, അല്ലെങ്കിൽ നെടുമ്പാശ്ശേരിയിലോ വിമാനമിറങ്ങി വരേണ്ട സ്ഥിതിയായിരുന്നു പ്രവാസികൾക്ക്.

2015-ലാണ് റൺവേ അറ്റകുറ്റപ്പണിയുടെ പേരിൽ കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ പിൻവലിക്കുന്നത്. അതിന് മുമ്പ് ജംബോ വിമാനങ്ങൾ കരിപ്പൂരിൽ നിന്ന് സ്ഥിരം സർവീസ് നടത്തിയിരുന്നതാണ്. ഇതേത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തെ എയർപോർട്ട് അതോറിറ്റി തരംതാഴ്ത്തിയിരുന്നു. ഒമ്പതാം കാറ്റഗറിയിലുണ്ടായിരുന്ന വിമാനത്താവളത്തെ ഗ്രേഡ് എട്ടിലേക്കും പിന്നീട് ഗ്രേഡ് ഏഴിലേക്കും എയർപോർട്ട് അതോറിറ്റി തരം താഴ്ത്തി. ഇടത്തരം വിമാനങ്ങൾ മാത്രം സർവീസ് നടത്തുന്ന വിമാനത്താവളങ്ങളുടെ കാറ്റഗറിയിലേക്ക് കരിപ്പൂർ മാറി. 

ബോയിംഗ് 777 മുതലുള്ള വിമാനങ്ങൾക്ക് കോഴിക്കോട് സർവീസ് നടത്താൻ കഴിയുമെന്നിരിക്കേ ഇതിനുള്ള അനുമതി ലഭ്യമാക്കുന്നതിന് പകരം വിമാനത്താവള അധികൃതർ ഇത്തരം വിമാനങ്ങൾ ഇപ്പോൾ സർവീസ് നടത്തുന്നില്ല എന്ന് കാട്ടിയായിരുന്നു എയർപോർട്ട് അതോറിറ്റിയുടെ നടപടി. ഇത് വിമാനത്താവള അധികൃതരുടെ തന്നെ ശുപാർശയെത്തുടർന്നാണ് എന്നത് വലിയ വിമർശനങ്ങൾ ക്ഷണിച്ച് വരുത്തി. 

ഇതിനിടയിലാണ് കണ്ണൂർ വിമാനത്താവളം തുടങ്ങുന്നത്. വലിയ വിമാനസർവീസുകളടക്കം അങ്ങോട്ടെത്തുകയും, ടിക്കറ്റ് നിരക്ക് ഉയർന്ന നിലയിലല്ല എന്നതും കണ്ണൂർ വിമാനത്താവളത്തിലേക്ക് സഞ്ചാരികളെ ആകർഷിച്ചു. ഇതിനെല്ലാം ഇടയിലും കരിപ്പൂർ തകർന്ന അവസ്ഥയിലായിരുന്നു. 

ഇതിനെല്ലാം ശേഷം, ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് സ്ഥിരം ജംബോ സർവീസുകൾക്ക് എയർ ഇന്ത്യ അനുമതി നൽകുന്നത്. ഇതിന് പിന്നാലെ കൂടുതൽ സ്വകാര്യ വിമാനക്കമ്പനികളടക്കം ജംബോ വിമാനസർവീസുകൾ കരിപ്പൂരിന് നൽകുമെന്നാണ് പ്രതീക്ഷ. 

Follow Us:
Download App:
  • android
  • ios