ദുബായ്: 24 മണിക്കൂര്‍ ലോക്ക് ഡൗണിനിടെ അത്യാവശ്യ  കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ അവയുടെ ബില്ലുകളും രസീതുകളും സൂക്ഷിക്കണമെന്ന് ദുബായ് പൊലീസ് അറിയിച്ചു. ഭക്ഷണം, മരുന്നുകള്‍ എന്നിവ വാങ്ങാനായി പുറത്തുപോകുന്നവര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ തെളിവായി ബില്ലുകള്‍ ഹാജരാക്കേണ്ടിവരും. ഇതിന് പുറമെ റഡാറുകള്‍ വഴി ലഭിക്കുന്ന റിപ്പോര്‍ട്ടുകളിന്മേല്‍ അധികൃതര്‍ വിളിച്ചുവരുത്തി വിശദീകരണം തേടുമ്പോഴും അത്യാവശ്യത്തിനാണ് പുറത്തിറങ്ങിയതെന്ന് തെളിയിക്കാനും ബില്ലുകള്‍ ആവശ്യമാവും.

അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പുറത്തുപോകാന്‍ അനുമതി. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കോ ഫാര്‍മസികളിലേക്കോ പോകാനായി ഒരു കുടുംബത്തിലെ ഒരാള്‍ക്കാണ് പുറത്തിറങ്ങാനാവുന്നത്. 24 മണിക്കൂര്‍ ശുചീകരണ യജ്ഞത്തോട് എല്ലാവരും സഹകരിക്കണമെന്ന് ദേശീയ ദുരന്തനിവാരണ വിഭാഗം അഭ്യര്‍ത്ഥിച്ചു. നിയമലംഘകര്‍ കര്‍ശന നിയമനടപടികള്‍ നേരിടേണ്ടിവരും.

റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളെയും ക്യാമറകളും റഡാറുകളും രേഖപ്പെടുത്തുന്നുണ്ട്. ഇതില്‍ നിന്ന് അവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോയവരെ ഒഴിവാക്കി മറ്റുള്ളവര്‍ക്ക് ശിക്ഷ ലഭിക്കുമെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. പുറത്തുപോയത് അത്യാവശ്യങ്ങള്‍ക്കാണെന്ന് ആ ഘട്ടത്തില്‍ തെളിയിക്കേണ്ടിവന്നേക്കും. അവശ്യകാര്യങ്ങള്‍ക്ക് പുറത്ത് പോകുന്നവര്‍ മാസ്ക് ധരിക്കുകയും മറ്റുള്ളവരില്‍ നിന്ന് കൃത്യമായ അകലം പാലിക്കുകയും വേണം.