കുവൈത്ത് സിറ്റി: കുവൈത്തിൽ ഒന്‍പത് ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി ഇന്ന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 255 ആയി. അതേസമയം കുവൈത്തിൽ ഇതുവരെ 67 പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്ന് ഇന്ത്യക്കാരുമായുള്ള സമ്പർക്കത്തിലൂടെയാണ് ഒമ്പത് ഇന്ത്യൻ പ്രവാസികൾക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ പകർന്നത്. ഇതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനേഴായി. ഇതിനു പുറമെ മൂന്ന് ബംഗ്ലാദേശ് പൗരന്മാർക്കും ഒരു കുവൈത്ത് പൗരനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് വൈറസ് ബാധയേറ്റത്. ഇതോടൊപ്പം ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ ആറു കുവൈത്ത് പൗരന്മാർ, ഒരു ഫിലിപ്പൈൻസ് പൗരൻ എന്നിവർക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. 

ഞായറാഴ്ച മൂന്ന് പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 67 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിൽ 188 പേരാണ് ചികിത്സയിലുള്ളത്. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം  12 ആയി. വിദേശത്തു നിന്നു പുതിയതായി കൊണ്ടുവന്ന സ്വദേശികളെ കൂടി ചേർത്ത് നിരീക്ഷണ ക്യാമ്പിലുള്ളവരുടെ എണ്ണം 1231 ആയി വർധിച്ചു. 910 പേർ നിരീക്ഷണഘട്ടം പിന്നിട്ടതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അസ്സനദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

അതേ സമയം കർഫ്യൂ ഇല്ലാത്ത സമയങ്ങളിൽ ആളുകൾ അനാവശ്യമായി കൂട്ടംകൂടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടന്നും ആവശ്യമെങ്കിൽ 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.