കുവൈത്ത് സിറ്റി: കുവൈത്തിലെ അമേരിക്കന്‍ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി ഉയര്‍ന്നതിന് പിന്നാലെ രാജ്യത്തെ പ്രധാന മേഖലകളില്‍ സുരക്ഷ ശക്തമാക്കി. അമേരിക്കയുടെയും ബ്രിട്ടന്റെയും എംബസികള്‍, ഇരുരാജ്യങ്ങളുടെയും സൈനിക താവളങ്ങള്‍ എന്നിങ്ങനെ 11 തന്ത്രപ്രധാന സ്ഥലങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്.

കര്‍ശന പരിശോധനകളാണ് ഈ മേഖലയില്‍ നടത്തുന്നത്. പതിവ് സുരക്ഷാക്രമീകരണങ്ങള്‍ക്ക് പുറമെ കുവൈത്ത് സേനയുടെ പ്രത്യേക സംഘത്തെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനത്തതിന് പിന്നാലെയാണ് കുവൈത്തില്‍ വിന്യസിക്കപ്പെട്ട അമേരിക്കന്‍ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സാമൂഹിക മാധ്യമങ്ങള്‍ വഴി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. മേഖലയില്‍ നിന്ന് മടങ്ങാന്‍ ആവശ്യപ്പെട്ടാണ് ഭീഷണികള്‍.