കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ക്കിടയില്‍ നിരവധിപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടിയെപ്പറ്റി അധികൃതര്‍ ചര്‍ച്ച ചെയ്തത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ അിയന്തരമായി പരിഹാരം കാണേണ്ട നിരവധി വിഷയങ്ങള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. കര്‍ഫ്യൂ സമയം നീട്ടുന്നതിനെക്കുറിച്ചും വിദേശികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യവും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫര്‍വാനിയ, ജലീബ്, മഹബുല്ല തുടങ്ങിയ പ്രദേശങ്ങളില്‍ ജനങ്ങളുടെ സഞ്ചാരം തടയുന്നതിന് ചെക്ക് പോയിന്റുകള്‍ സ്ഥാപിക്കും. ഇവിടെ നിന്ന് പുറത്തേക്കും പുറത്തുനിന്നുള്ളവര്‍ക്ക് ഈ പ്രദേശങ്ങളിലേക്കുമുള്ള യാത്രയ്ക്ക് നിയന്ത്രണമുണ്ടാകും. ഇതിനായി സുരക്ഷാ സേനയുടെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം മുന്‍കൂര്‍ അനുമതിയോടെ പുറത്തിറങ്ങാവുന്ന തരത്തിലായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നാണ് സൂചന.