Asianet News MalayalamAsianet News Malayalam

അനശ്വര പ്രണയത്തിന്​ അൽഉലയിലെ പൈതൃകങ്ങൾ സാക്ഷി: സൗദി പ്രേക്ഷകരെ വിസ്​മയിപ്പിച്ച്​ ഒരു നാടകം

പ്രശസ്​ത ലബനീസ്​ അന്താരാഷ്​ട്ര ഡാൻസ്​ തിയേറ്റർ ഗ്രൂപ്പായ കാരാകല്ല അവതരിപ്പിച്ച ‘ജാമിൽ ബൗതയ്​ന’ എന്ന നൃത്തനാടകം​ അൽഉലയിലെ ത്വൻതൂറ ഉത്സവം കാണാനെത്തിയവരെ വിസ്​മയഭരിതരാക്കി​. ജനുവരി 31ന് ആരംഭിച്ച സൗദിയിലെ ഏറ്റവും ദൈർഘ്യമേറിയ ത്വൻതൂറ ​ശീതകാല ഉത്സവത്തിന്റെ ഭാഗമായാണ്​ നാടകാവതരണത്തിന്​ വ്യാഴാഴ്​ച അരങ്ങുണർന്നത്​​.

legendary love story acted as a play in al ula saudi arabia
Author
Al Ula Tantura, First Published Feb 17, 2020, 3:07 PM IST

റിയാദ്​: അനശ്വര പ്രണയത്തിന്​ അൽഉലയിലെ പൈതൃകങ്ങളെ സാക്ഷിയാക്കി നാടകാവിഷ്​കാരം. ലോകപൈതൃക പട്ടികയിൽ ഇടം നേടിയ സൗദിയിലെ ഏറ്റവും വലിയ പൗരാണിക കേന്ദ്രമായ അൽഉലയിൽ കഴിഞ്ഞ മൂന്നുദിവസം അരങ്ങേറിയ ഐതിഹാസിക പ്രണയ നാടകാവിഷ്​കാരത്തിന്​ രംഗപടമായത്​ പുരാതന ശേഷിപ്പുകളാണ്​. സംരക്ഷിത പൗരാണിക നഗരമായ അൽഉലയിലെ ചരിത്രസ്​മാരകങ്ങൾ രംഗപടങ്ങളായി മാറിയ നൃത്ത സംഗീത നാടകം ഒരു കവിയുടെ ഇതിഹാസ തുല്യമായ പ്രണയകഥയുടെ ചുരുൾ നിവർത്തുന്നതായിരുന്നു​.

പ്രശസ്​ത ലബനീസ്​ അന്താരാഷ്​ട്ര ഡാൻസ്​ തിയേറ്റർ ഗ്രൂപ്പായ കാരാകല്ല അവതരിപ്പിച്ച ‘ജാമിൽ ബൗതയ്​ന’ എന്ന നൃത്തനാടകം​ അൽഉലയിലെ ത്വൻതൂറ ഉത്സവം കാണാനെത്തിയവരെ വിസ്​മയഭരിതരാക്കി​. ജനുവരി 31ന് ആരംഭിച്ച സൗദിയിലെ ഏറ്റവും ദൈർഘ്യമേറിയ ത്വൻതൂറ ​ശീതകാല ഉത്സവത്തിന്റെ ഭാഗമായാണ്​ നാടകാവതരണത്തിന്​ വ്യാഴാഴ്​ച അരങ്ങുണർന്നത്​​. ശനിയാഴ്​ച തിരശീല വീഴുകയും ചെയ്​തു. അൽഉലയിലെ മാരായ കൺസർട്ട്​ ഹാളിലായിരുന്നു നാടകത്തിന്റെ അരങ്ങേറ്റം.

പിന്നീട്​ വേദി വിട്ടിറങ്ങുന്ന നാടകത്തിലെ രംഗങ്ങൾ അൽഉലയിലെ വിശാല മൈതാനിയിലേക്ക്​ പരക്കുകയാണ്​. തദ്ദേശീയവും രാജ്യാന്തരവുമായ നാടകരൂപങ്ങളുടെ വൈവിധ്യങ്ങളെ ത്വൻതൂറ ശൈത്യകാല മേളയിലൂടെ സൗദിയിലെ ​പ്രേക്ഷകരെ കാണിക്കുക എന്ന ലക്ഷ്യമാണ്​ സംഘാടകരായ അൽഉല റോയൽ കമീഷൻ നിർവഹിക്കുന്നത്​. പ്രാചീന അറേബ്യൻ കവി ജാമിൽ ബിൻ മഅമറിന്റെ പ്രണയകാവ്യമാണ്​ നാടകത്തിന്റെ ഇതിവൃത്തം.

ബൗതയ്​ന ബിൻത്​ ഹയ്യാൻ എന്ന പെൻകുട്ടിയുമായി പ്രണയത്തിലാവുന്ന കവിയുടെ ഹൃദയദ്രവീകരണ ശക്തിയുള്ള അനുരാഗത്തിന്റെ കഥയാണിത്​. അറേബ്യൻ മരുഭൂമിയിൽ പിറവികൊണ്ട പൗരാണിക പ്രണയഗാഥ. ഷേക്​സ്​പിയറി​െൻറ വിഖ്യാത ദുരന്തനാടകം റോമിയോ ആൻഡ്​ ജൂല്യറ്റിന്റെ പൗരസ്​ത്യ ഭാഷ്യമെന്ന്​ അറിയപ്പെടുന്നു​ ‘ജാമിൽ ബൗതയ്​ന’. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരും പ്രതിഭകളുമായ അഭിനേതാക്കളും നർത്തകരും ഗായകരും പിന്നണി പ്രവർത്തകരും കാരാകല്ല ഡാൻസ്​ തിയേറ്റർ ഗ്രൂപ്​ ആചാര്യന്‍ അബ്​ദുൽ ഹലീം കാരാകല്ലയുടെ നേതൃത്വത്തിൽ നാടകത്തിന്​ വേണ്ടി അണിനിരന്നു.

ഈ അനശ്വര പ്രണയകാവ്യത്തിന്റെ ഇതിവൃത്തം ജനിച്ചത്​ അൽഉലയിലാണെന്നും ഇവിടെ തന്നെ ഇതിന്​ രംഗഭാഷ്യമൊരുക്കാൻ കഴിഞ്ഞത്​ കലാകാരനെന്ന നിലയിൽ ലഭിച്ച സൗഭാഗ്യമാണെന്നും അതിന്​ അവസരമൊരുക്കിയ അൽഉല റോയൽ കമീഷനോട്​ കടപ്പെട്ടിരിക്കുന്നെന്നും സംവിധായകൻ അബ്​ദുൽ ഹലീം കാരാകല്ല പറഞ്ഞു. കവിത, സംഗീതം, മനോഹരമായ രംഗപടങ്ങൾ, വീഡിയോ, വസ്​ത്രാലങ്കാരം, നൃത്തം തുടങ്ങി എല്ലാ ഘടകങ്ങളും ഉൾച്ചേർന്ന സവിശേഷമായ ദൃശ്യവിസ്​മയമായിരുന്നു നാടകാവതരണം.

മധ്യപൂർവേഷ്യയിലെ ഏറ്റവും പ്രമുഖ ഡാൻസ്​ തിയേറ്റർ ഗ്രൂപ്പായ കാരാകല്ല 52ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ്​ സൗദിയിൽ ഈ ​ഐതിഹാസിക നാടകം അവതരിപ്പിക്കാൻ അരങ്ങൊരുങ്ങിയത്​.ത്വൻതൂറ ശീതകാലോത്സവം മാർച്ച്​ ഏഴിനാണ്​ അവസാനിക്കുന്നത്​. 

Follow Us:
Download App:
  • android
  • ios