അബുദാബി: രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് ഗള്‍ഫിലെ പ്രവാസി മലയാളികള്‍. കുവൈത്തും യുഎഇയും ഇന്ത്യയിലേക്ക് വിമാനസര്‍വീസ് നടത്താന്‍ തയ്യാറായിട്ടും കേന്ദ്രം അനുമതി നല്‍കാത്തതില്‍ പ്രതിഷേധത്തിലാണവര്‍. ലോക് ഡൗണിന്‍റെ ഓരോ ദിവസവും പിന്നിടുമ്പോള്‍ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന ആയിരങ്ങള്‍ക്കിടയില്‍ വൈറസ് വ്യാപനത്തിലുള്ള സാധ്യതയേറുകയാണ്. 

സാധാരണക്കാരായ തൊഴിലാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസി മലയാളികളില്‍ 50 ശതമാനവും. ലേബര്‍ക്യാമ്പുകളിലും ഒറ്റമുറി പങ്കിട്ടും കഴിയുന്ന ഇവരില്‍ ലോക് ഡൗണിന്‍റെ ഓരോ ദിവസവും പിന്നിടുമ്പോള്‍ വൈറസ് പടരാനുള്ള സാധ്യതയേറുകയാണ്. അതുകൊണ്ട് തന്നെ എത്രയുംപെട്ടെന്ന് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുയാണവര്‍. 

കൊവിഡിന്‍റെ പശ്ചാതലത്തില്‍ കുവൈത്തും യുഎഇയും ഇന്ത്യയിലേക്ക് വിമാനസര്‍വീസ് നടത്താന്‍ തയ്യാറായിട്ടും കേന്ദ്രം അനുമതി നല്‍കാത്തത് പ്രതിഷേധത്തിനിടയാക്കി. ഫിലിപ്പൈന്‍സ്, ലബനോണ്‍ ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിച്ചപ്പോള്‍ ഇന്ത്യക്കാര്‍ ഭീതിയില്‍ തന്നെ ഗള്‍ഫില്‍ കുരുങ്ങിക്കിടക്കുകയാണ്..

ഇന്ത്യന്‍ സമൂഹത്തിനിടയില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്. കുവൈത്തില്‍ ഇന്ത്യക്കാരായ രോഗികളുടെ എണ്ണം മൂന്നൂറ് കടന്നു. ബഹറിനില്‍ മലയാളികളേറെ ജോലിചെയ്യുന്ന അൽ ഹിദ്ദ് മേഖലയിലെ 41 തൊഴിലാളികളിലാണ് ഇന്നലെ വൈറസ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ പ്രത്യേക വിമാനം അനുവദിച്ചുകൊണ്ട് തങ്ങളെ നാട്ടിലെത്തിക്കണമെന്നാണ് അവരുടെ ആവശ്യം. 

രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പോകുന്നവരോട് വീട്ടില്‍ ക്വാറൈന്‍റൈനില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നതും ഒറ്റമുറിയില്‍ തിങ്ങിക്കഴിയുന്ന ലക്ഷക്കണക്കിന് വരുന്ന പ്രവാസികളില്‍ പ്രയാസമുണ്ടാക്കുന്നു. അതുകൊണ്ട് ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാരുമായി കൂടിയാലോചിച്ച് ഇന്ത്യന്‍ എംബസികള്‍ വഴി നാട്ടില്‍ നിന്ന് മെഡിക്കല്‍ സംഘത്തെ എത്തിച്ച് പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം.