മനാമ: ബഹ്റൈനിലെ സല്‍മാബാദിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് നിരവധിപ്പേരെ ഒഴിപ്പിച്ചു. പ്രദേശത്തെ നാല് കെട്ടിടങ്ങളിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്ശേഷം തീപിടിച്ചത്. ഒരു ഗാരേജ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് ആദ്യം തീപിടിച്ചതെന്നാണ് സൂചന. ശക്തമായ കാറ്റുള്ള സമയമായിരുന്നതിനാല്‍ പെട്ടെന്നുതന്നെ അടുത്തുള്ള കെട്ടിടങ്ങളിലേക്ക് പടര്‍ന്നു.

പ്രദേശത്ത് ഏറെ നേരം കനത്ത പുക നിറഞ്ഞിരുന്നു. ഗാരേജിലുണ്ടായിരുന്ന ഒന്‍പത് ആഢംബര വാഹനങ്ങള്‍ കത്തിനശിച്ചു. സമീപത്തെ ഒരു ബേക്കറിയിലേക്കും അലൂമിനിയം ഫേബ്രിക്കേഷന്‍ സ്ഥാപനത്തിലേക്കും തീ പടര്‍ന്നു. അഗ്നിശമന സേന നാല് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. 11 ഫയര്‍ എഞ്ചിനുകളും 57 ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പൊലീസ് പട്രോള്‍, ആംബുലന്‍സ് സംഘങ്ങളും സ്ഥലത്തെത്തിയിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്തുന്നതടക്കം സംഭവത്തെക്കുറിച്ച് അധികൃതര്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഉച്ചയ്ക്ക് 12.30ഓടെയാണ് തീപിടുത്തം തുടങ്ങിയതെന്ന് പരിസരത്തുണ്ടായിരുന്നവര്‍ മാധ്യമങ്ങളോട് പറ‍ഞ്ഞു. സമീപത്തെ സ്ഥാപനങ്ങളിലുണ്ടായിരുന്നവരെ പൊലീസ് ഉദ്യോഗസ്ഥരെത്തി ഒഴിപ്പിച്ചു. ആഢംബര വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തിയിരുന്ന ഗ്യാരേജിലാണ് തീ ആദ്യം പടര്‍ന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.