Asianet News MalayalamAsianet News Malayalam

ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് മരണം; മലയാളി യുവാവിന്റെ സംസ്കാരം നാട്ടില്‍

നീനുവിന്റെ ശരീരത്തിലേക്കാണ് ആദ്യം തീപടര്‍ന്ന്. ഈ സമയം വീടിന്റെ കിടപ്പുമുറിയിലായിരുന്ന അനില്‍, ഭാര്യയുടെ നിലവിളി കേട്ടാണ് ഓടിയെത്തിയത്. 

mortal remains of malayali expatriate who died in uae to be sent to kerala
Author
Dubai - United Arab Emirates, First Published Feb 18, 2020, 11:17 PM IST

ദുബായ്: യുഎഇയില്‍ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും. യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ അപകടത്തിലാണ് ചെങ്ങന്നൂര്‍ പുത്തന്‍കാവ് എ.ജി നൈനാന്റെ മകന്‍ അനില്‍ നൈനാന് (32) ഗുരുതരമായി പൊള്ളലേറ്റത്.  അബുദാബി മഫ്‍റഖ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഞായറാഴ്ചയായിരുന്നു അന്ത്യം. പൊള്ളലേറ്റ ഭാര്യ നീനു ചികിത്സയിലാണെങ്കിലും അപകട നില തരണം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അനിലും നീനുവും നാല് വയസുള്ള മകനൊപ്പം ഉമ്മുല്‍ ഖുവൈനിലെ അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. അപ്പാര്‍ട്ട്മെന്റിലെ ഇടനാഴിയിലുണ്ടായിരുന്ന ഇലക്ട്രിക് ബോക്സില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിക്കുകയായിരുന്നു. നീനുവിന്റെ ശരീരത്തിലേക്കാണ് ആദ്യം തീപടര്‍ന്ന്. ഈ സമയം വീടിന്റെ കിടപ്പുമുറിയിലായിരുന്ന അനില്‍, ഭാര്യയുടെ നിലവിളി കേട്ടാണ് ഓടിയെത്തിയത്. 

ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനിലിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് അനിലിനെ ഉമ്മുല്‍ഖുവൈന്‍ ശൈഖ് ഖലീഫ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇവിടെ നിന്ന് ചൊവ്വാഴ്ച അബുദാബി മഫ്‍റഖ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ചയായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലെത്തിച്ചശേഷം പുത്തന്‍കാവ് മതിലകം മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്‍കാരം നടത്തുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.

Follow Us:
Download App:
  • android
  • ios