ദുബായ്: ജബല്‍ അലിയില്‍ പുതിയൊരു ക്ഷേത്രം കൂടി നിര്‍മിക്കുന്നു. ബര്‍ദുബായിലെ സിന്ധി ഗുരു ദര്‍ബാര്‍ ക്ഷേത്രത്തിന്റെ തുടര്‍ച്ചയായാണ് 2500 ചതുരശ്ര അടി വിസ്‍തീര്‍ണമുള്ള പുതിയ ക്ഷേത്രം നിര്‍മിക്കുകയെന്ന് ഇന്ത്യന്‍ വ്യവസായിയും സിന്ധി ഗുരുദര്‍ബാര്‍ ട്രസ്റ്റിയുമായ രാജു ഷറോഫ് പറഞ്ഞു.

ജബല്‍ അലിയിലെ ഗുരുനാനാക്ക് ദര്‍ബാറിന് സമീപത്തായിരിക്കും പുതിയ ക്ഷേത്രം ഉയരുക. ഈ സ്ഥലം ഒരു വിവിധ മത പ്രാര്‍ത്ഥനാ കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇവിടെ ക്രിസ്ത്യന്‍ ദേവാലയങ്ങളും സിഖ് ഗുരുനാനാക്ക് ദര്‍ബാറും ഹിന്ദു ക്ഷേത്രവും ഒരേ സ്ഥലത്തു തന്നെയുണ്ടാകുമെന്ന് രാജു ഷറോഫ് പറഞ്ഞു. ഈ വര്‍ഷം പകുതിയോടെ നിര്‍മാണം തുടങ്ങാനിരിക്കുന്ന ക്ഷേത്രം 2022ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്ഷേത്രം നിര്‍മിക്കുന്ന സ്ഥലം 2018ല്‍ ദുബായ് ഭരണകൂടം സിന്ധി ഗുരു ദര്‍ബാറിനായി വിട്ടുനല്‍കിയതാണ്. പുതിയ ക്ഷേത്രം നിര്‍മിക്കാന്‍ ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‍മെന്റ് അതിരോറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. നഗരസഭയുടെ അനുമതി കൂടി ലഭിക്കുന്നതോടെ മാര്‍ച്ചില്‍ നിര്‍മാണം തുടങ്ങും. രണ്ട് ബേസ്‍മെന്റ് ഫ്ലോറുകളും കാര്‍പാര്‍ക്കിങ് സ്ഥലവും ഊട്ടുപുരയും കമ്മ്യൂണിറ്റി ഹാളും അടക്കമുള്ള നിര്‍മിതിക്ക് 7.5 കോടി ദിര്‍ഹമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ആര്‍ക്കിടെക്ട് സ്ഥാപനമായ ടെമ്പിള്‍ ആര്‍ക്കിടെക്സ്റ്റ്സ് ആണ് ക്ഷേത്രത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. ലോകമെമ്പാടും ഇരുനൂറിലധികം ക്ഷേത്രങ്ങള്‍ രൂപകല്‍പന ചെയ്തിട്ടുള്ള കമ്പനിയാണിത്. ദുബായ് മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള അനുമതി കൂടി ലഭിക്കുന്നതോടെ     ഔദ്യോഗികമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. 

നിലവില്‍ ബര്‍ദുബായിലുള്ള ക്ഷേത്രം നിലനിര്‍ത്തണമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. നൂറ് വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രമാണ് ബര്‍ദുബായിലേത്. വര്‍ദ്ധിച്ചുവരുന്ന സന്ദര്‍ശകരുടെ എണ്ണവും പാര്‍ക്കിങ് സ്ഥലത്തിന്റെ അപര്യാപ്തതയും ഇവിടെ വെല്ലുവിളിയാകുന്നുണ്ട്. ക്ഷേത്രം ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. ബര്‍ദുബായില്‍ ഇപ്പോഴുള്ള ക്ഷേത്രം 1958ല്‍ നിര്‍മിച്ചതാണ്. ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമാണ് അന്ന് ക്ഷേത്രത്തിനായി സ്ഥലം വിട്ടുനല്‍കിയത്.