ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് 19 രോഗബാധിതരുടെ എണ്ണത്തില്‍ ഓരോ ദിവസവും കാര്യമായ വര്‍ദ്ധനവാണുണ്ടാകുന്നത്. ഇതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് വിവിധ രാജ്യങ്ങള്‍. സൗദി അറേബ്യയില്‍ ഇന്ന് മാത്രം 119 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഖത്തറിൽ ഇതിനോടകം 481 പേർ ചികിത്സയിലുണ്ട്. ബഹ്‌റൈനില്‍ 332 പേരും കുവൈത്തില്‍ 188 പേരും ചികിത്സയില്‍ കഴിയുകയാണ്.  യുഎഇയില്‍ 153 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒമാനില്‍ മൂന്ന് പുതിയ കേസുകള്‍ അടക്കം 55 പേർക്കും ഇതുവരെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു.

അതിര്‍ത്തികള്‍ അടച്ചും വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ റദ്ദാക്കി കര്‍ശന മുന്‍കരുതല്‍ സ്വീകരിക്കുന്നതിനിടയിലും പല ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്. കുവൈത്തില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ നാളെ രാവിലെ നാല് മണി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവാത്തതുകൊണ്ടാണ് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകുന്നതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ഏപ്രില്‍ ഒന്‍പത് വരെ നീട്ടിയിട്ടുണ്ട്. അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും താമസ സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നും സൗദി അറേബ്യയും ജനങ്ങളോട് ആവശ്യപ്പെട്ടു.

ഒമാനില്‍ പത്രമാധ്യമങ്ങളുടെ അച്ചടിയും വിതരണവും നിര്‍ത്തലാക്കി. മണി എക്സ്ചേഞ്ച് കേന്ദ്രങ്ങളും അടച്ചു. സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ പരമാവധി ജീവനക്കാരെ കുറയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരമാവധി 30 ശതമാനം മാത്രം ജീവനക്കാരെത്തും. ജനങ്ങള്‍ പരമാവധി പുറത്തിറങ്ങരുതെന്ന നിര്‍ദേശമാണ് കഴിഞ്ഞ ദിവസം യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അധികൃതരും നല്‍കിയത്. ബീച്ചുകള്‍ ഉള്‍പ്പെടെ ജനങ്ങള്‍ ഒത്തുചേരാന്‍ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം അടച്ചിട്ടു. റസ്റ്റോറന്റുകളില്‍ 20 ശതമാനം ഉപഭോക്താക്കള്‍ക്ക് മാത്രമേ പ്രവേശിക്കാനാവൂ.