Asianet News MalayalamAsianet News Malayalam

സൗദി അരാംകോയിലെ ആക്രമണം ഇന്ത്യയെയും ബാധിച്ചു; എണ്ണവില കുതിച്ചുയരുന്നു

സൗദി അരാംകോയുടെ സംസ്കരണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. ഇന്ത്യയിലും പെട്രോള്‍ വില ഊ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.

oil price surges in india after saudi aramco drone attack
Author
Delhi, First Published Sep 24, 2019, 11:07 AM IST

ദില്ലി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് പെട്രോളിന്റെ വില. സൗദി അരാംകോയിലെ എണ്ണപ്പാടത്തിനും സംസ്കരണകേന്ദ്രത്തിനും നേരേയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണവില കൂടിയതാണ് കാരണം.

ഈമാസം പതിനേഴിന് 75.55 രൂപയായിരുന്ന പെട്രോളിന് ഇന്ന് 77.56 രൂപയാണ് വില. ഒരാഴ്ചക്കിടെ ലിറ്ററിന് 2.01 രൂപയാണ് കൂടിയത്. ഡീസലിന്റെ വിലയിലും വർധനയുണ്ടായി. 70.60 രൂപയിൽ നിന്നും ഒരാഴ്ചക്കിടെ ഡീസൽ വില കൂടിയത് 72.17 രൂപയിലേക്ക്. 1.57 രൂപയുടെ വർധനവാണുണ്ടായത്. ഗൾഫ് മേഖലയിലെ സംഘർഷങ്ങളുടേയും യു.എസ് -ചൈന വ്യാപാരയുദ്ധത്തിന്റേയും പശ്ചാത്തലത്തിലാണ് അന്താരാഷ്ട്രവിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയർന്നത്.

ഇന്ത്യ വാങ്ങുന്ന ബ്രെൻഡ് ക്രൂഡ് ബാരലിന് 63.38 ഡോളറാണ് ഇന്നത്തെ നിരക്ക്. അരാംകോയിലെ  ആക്രമണത്തെ തുടർന്ന് സൗദിയുടെ എണ്ണയുത്പാദനം ദിവസം 57 ലക്ഷം ബാരലാക്കി കുറച്ചിരുന്നു.ഇതോടെയാണ് സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി  ചെയ്യുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയിലും പെട്രോളിന്റേയും ഡീസലിന്റെയും ചില്ലറവിൽപ്പന വില കൂടിയത്. എണ്ണവിതരണം ഒരാഴ്ചക്കകം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് സൗദി അവകാശപ്പെടുന്നത്. 

എന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും കാലങ്ങളോളം പ്രതിസന്ധി വിപണിയെ ബാധിക്കുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ലോക രാജ്യങ്ങളിലേക്കുള്ള പ്രതിദിന എണ്ണ കയറ്റുമതിയുടെ അഞ്ച് ശതമാനവും സൗദി അരാംകോയിൽ നിന്നാണ്.

Follow Us:
Download App:
  • android
  • ios