മസ്‍കത്ത്: ഒമാനിൽ ഇന്ന് 25 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 277 ആയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 207  പേരും മസ്കത്ത് ഗവര്‍ണറേറ്റിൽ നിന്നുള്ളവരാണ്. ഇതിനോടകം 61   പേരാണ് രോഗ വിമുക്തരായത്.

ഇന്ത്യയിൽ നിന്ന് 111 ഒമാന്‍ പൗരന്മാരെ തിരികെ രാജ്യത്തെത്തിച്ചിട്ടുണ്ട്. കൊച്ചി, ബംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളിൽ നിന്നുമായി 111 ഒമാന്‍ പൗരന്മാരെ തിരിച്ചയച്ചതായി ദില്ലിയിലെ ഒമാന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. എറണാകുളത്തും മറ്റ് സമീപ ജില്ലകളിലും വിവിധ അലോപ്പതി, ആയുർവേദ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 53 ഒമാൻ പൗരന്മാരെയാണ് കൊച്ചിയിൽ നിന്നും തിരികെ ഒമാനിലെത്തിച്ചത്. ഇതിനായി ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ പ്രത്യേക വിമാനം കൊച്ചിയിലെത്തിച്ചിരുന്നു.