അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം മൂന്നായി. രാജ്യത്ത് ഇന്ന് 102 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 570 ആയി. മൂന്ന് പേര്‍ ഇന്ന് സുഖം പ്രാപിക്കുകയും ചെയ്തു. രണ്ട് ഇന്ത്യക്കാരും ഒരു ഫിലിപ്പൈനിയുമാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ യുഎഇയില്‍ കൊവിഡ് വൈറസ് ബാധ ഭേദമായവരുടെ എണ്ണം 58 ആയി.

47 വയസുള്ള അറബ് വനിതയാണ് ഇന്ന് മരണപ്പെട്ടത്. ഇവര്‍ക്ക് നേരത്തെ തന്നെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതോടൊപ്പം കൊവിഡ് ബാധ കൂടി സ്ഥിരീകരിച്ചതോടെ ആരോഗ്യനില കൂടുതല്‍ മോശമാവുകയും ചെയ്തു. മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളോട് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ച 102 പേരില്‍ 30 പേരും ഇന്ത്യക്കാരാണ്. 16 പേര്‍ ബ്രിട്ടീഷ് പൌരന്മാരും ഫിലിപ്പൈന്‍സ്, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് പേര്‍ വീതവും ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആവശ്യമായ ആരോഗ്യ പരിചരണം ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.