തിരുവനന്തപുരം: പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന വിഷമതകള്‍ പരിഹരിക്കാന്‍ പുതിയ പദ്ധതികളുമായി കേരളം. അമേരിക്കയില്‍നിന്നടക്കമുള്ള മലയാളികള്‍ എന്ത് ചെയ്യണമെന്നറിയാതെ നാട്ടിലേക്ക് വിളിക്കുന്നുണ്ടെന്നും പ്രവാസി മലയാളികള്‍ക്കായി വിവിധ സംഘടനകളുമായി ചേര്‍ന്ന് നോര്‍ക്ക അഞ്ച് കൊവിഡ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

എല്ലാ വിഭാഗംം ജനങ്ങളും സംഘടനകളും ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തനം നടത്തുകയാണ്. ഇതുമായി സഹകരിക്കാന്‍ ഈ രാജ്യങ്ങളിലെ എംബസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൂടാതെ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം ലഭ്യമാക്കും. വീഡീയോ കോണ്‍ഫറന്‍സിംഗ് വഴിയോ ഓഡിയോ വഴിയോ ബന്ധപ്പെടാം. ഡോക്ടര്‍മാര്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് ആറ് വരെ ഇവരുമായി സംസാരിക്കും. 

പ്രവാസികള്‍ക്ക് നോര്‍ക്ക വെബ്‌സൈറ്റ് വഴി രജിസ്ടര്‍ ചെയ്ത് ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് സേവനം തേടാം. ജനറല്‍ വിഭാഗം, സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോ, ഇഎന്‍ടി, ഒഫ്താല്‍മോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. 

വിദേശത്ത് ആറ്മാസത്തില്‍ കുറയാതെ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്നവര്‍ക്ക് നോര്‍ക്കയില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ് നല്‍കുന്നുണ്ട്. ഈ സഹായം വിദേശങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കും. ഓവര്‍സീസ് സ്റ്റുഡന്റ് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. ആരോഗ്യപരിരക്ഷയും വിമാനക്കൂലി ഇളവും ഏര്‍പ്പെടുത്തും. വിദേശത്ത് പടിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഇനി പഠനത്തിന് പോകുന്നതിനും ഇതില്‍ രജിസ്ടര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.