കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈത്തിൽ ഭാഗികമായി കർഫ്യൂ ഏർപ്പെടുത്തി. വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച് പുലർച്ചെ നാല് മണിക്ക് അവസാനിക്കുന്ന രീതിയിൽ പതിനൊന്ന് മണിക്കൂർ കർഫ്യൂവിനാണ് ആണ് ഇന്നലെ വൈകി ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകിയത്.  

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ കൊണ്ട് വന്ന നിർദ്ദേശങ്ങൾ  ലംഘിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി അനസ് അല്‍ സലെ അറിയിച്ചു.  കർഫ്യൂ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് വർഷം വരെ തടവും പതിനായിരം ദിനാർ പിഴയും ആണ് കർഫ്യൂ നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ .