Asianet News MalayalamAsianet News Malayalam

റിയാദ്​ മെട്രോ ജൂൺ മുതൽ: സര്‍വീസ് തുടങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ മെട്രോകളിലൊന്ന്​

റിയാദ് മെട്രോ നിർമാണത്തിന്റെ 85 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ആറ് ലൈനുകളുള്ള മെട്രോയില്‍ ഡിസംബർ അല്ലെങ്കിൽ ജനുവരിയിൽ പൂര്‍ണമായും ട്രെയിൻ സര്‍വീസ് തുടങ്ങാനാവും. ഇത് മുന്നില്‍ കണ്ടാണ് നിര്‍മാണ പ്രവര്‍ത്തനം ത്വരിതഗതിയിൽ പുരോഗമിക്കുന്നത്​.

riyadh metro to begin from june, 2020
Author
Riyadh Saudi Arabia, First Published Feb 17, 2020, 3:29 PM IST

റിയാദ്​: ലോകത്തിലെ ഏറ്റവും വലിയ മെട്രോകളിലൊന്ന് സൗദി അറേബ്യൻ തലസ്ഥാന നഗരത്തിൽ ജൂണോടെ യാഥാർത്ഥ്യമാകും. റിയാദ്​ മെട്രോ ജൂണിൽ ഓടിത്തുടങ്ങും. ട്രെയിൻ സർവീസുകളിൽ പകുതിയാണ്​ ആദ്യഘട്ടത്തിൽ. ഡിസംബറിലോ അടുത്ത വർഷം ജനുവരിയിലൊ മുഴുവൻ സർവീസുകളും ആരംഭിക്കും.

റിയാദ് മെട്രോ നിർമാണത്തിന്റെ 85 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ആറ് ലൈനുകളുള്ള മെട്രോയില്‍ ഡിസംബർ അല്ലെങ്കിൽ ജനുവരിയിൽ പൂര്‍ണമായും ട്രെയിൻ സര്‍വീസ് തുടങ്ങാനാവും. ഇത് മുന്നില്‍ കണ്ടാണ് നിര്‍മാണ പ്രവര്‍ത്തനം ത്വരിതഗതിയിൽ പുരോഗമിക്കുന്നത്​. 186 കിലോമീറ്റർ ദൈര്‍ഘ്യത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ ലൈനുകളിലൊന്നായി മാറും റിയാദ് മെട്രോ.

ആറ്​ ലൈനുകളുള്ള പദ്ധതിയിൽ സര്‍വീസിന്റെ ആദ്യ ഘട്ടം ജൂണില്‍‌ തുടങ്ങാനാണ് ഇപ്പോൾ ഒരുക്കം നടക്കുന്നത്​. പൂര്‍ണമായ സര്‍വീസുകള്‍ ഡിസംബര്‍ അവസാനത്തിലോ അടുത്ത വര്‍ഷം ജനുവരി തുടക്കത്തിലോ തുടങ്ങും. 186 കിലോമീറ്റർ ദൈർഘ്യത്തിൽ ആറ്​ പാതകളാണുള്ളത്. ഇതിൽ മൊത്തം 36 കിലോമീറ്റർ ഭൂമിക്കടിയിലാണ്​. വലിയ തുരങ്കം നിർമിച്ചാണ്​ പാത കടന്നുപോകുന്നത്​​. പാതയിലുടനീളം 80 സ്​റ്റേഷനുകളാണ് സ്ഥാപിച്ചിരിക്കുന്നത്​. മൂന്നെണ്ണം വലിയ സ്​റ്റേഷനുകളാണ്​. അതിൽ രണ്ടെണ്ണം നഗര കേന്ദ്രമായ ബത്​ഹയോട്​ ചേർന്നാണ്​. മറ്റൊരു ബൃഹദ്​ സ്​റ്റേഷൻ ഉലയയിലാണ്​. .

രണ്ടോ നാലോ ബോഗികളാകും ഒരു ട്രെയിനിലുണ്ടാവുക‍. ആറുലൈനുകളിലായി ഇവ ഓടും. അതിനായി 586 ബോഗികള്‍ രാജ്യത്ത്​ എത്തിക്കഴിഞ്ഞു. ട്രെയിനിൽ നിന്ന്​ ട്രെയിനിലേക്ക്​ അതിവേഗത്തില്‍ മാറിക്കയറാൻ കഴിയുംവിധമാണ്​ വ്യത്യസ്​ത പാതകളും സ്​റ്റേഷൻ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്​. 186 കിലോമീറ്റർ ദൈർഘ്യത്തിൽ മുഴുവൻ പാതകളുടെയും നിർമാണം പൂര്‍ത്തിയായി. ബാക്കിയുള്ള ജോലികൾ സ്​റ്റേഷനുകളുടെ പുറം മോടി പൂര്‍ത്തിയാക്കലും വൈദ്യുതീകരണവുമാണ്​.

ഇതിന്​ പുറമെ മെട്രോ സ്​റ്റേഷനുകളെയും നഗരത്തിന്റെ മുക്കുമൂലകളെയും ബന്ധപ്പിച്ചുകൊണ്ട്​ റാപ്പിഡ്​ ബസ്​ സർവീസുമുണ്ട്​. ആയിരത്തിലേറെ ബസുകളാണ്​ ഇങ്ങനെ ഓടുക. അതിനുള്ള ബസുകളും രാജ്യത്ത്​ എത്തുകയും പരീക്ഷണ ഓട്ടം നടത്തുകയുമാണ്​. ബസിന്​ വേണ്ടിയുള്ള പ്രത്യേക ട്രാക്കുകൾ നഗരത്തിനുള്ളിലെ പ്രധാന റോഡുകളിലെല്ലാം നിർമാണം പുരോഗമിക്കുകയാണ്​. മറ്റ്​ വാഹനങ്ങൾ ഈ ട്രാക്കുകളിൽ കടക്കരുതെന്ന ട്രാഫിക്​ സൂചക ഫലകങ്ങളും സ്ഥാപിച്ചുകഴിഞ്ഞു.

ബസ്​ വെയിറ്റിങ്​ സ്​റ്റേഷനുകളുടെ നിർമാണവും ഈ ട്രാക്കുകളിൽ ഉടനീളം നടക്കുകയാണ്​. ബസുകളുടെ ഓട്ടവും ഈ വർഷം ആരംഭിക്കും. അതോടെ റിയാദ്​ നഗരത്തിൽ കുറ്റമറ്റ നിലയിൽ പൊതുഗതാഗത സംവിധാനം നിലവിൽ വരും. കിങ്​ അബ്​ദുൽ അസീസ്​ പബ്ലിക്​ ട്രാൻസ്​പോർട്ട്​ സിസ്​റ്റം എന്നാണ്​ ഈ പദ്ധതിയുടെ പേര്​.

Follow Us:
Download App:
  • android
  • ios