Asianet News MalayalamAsianet News Malayalam

ദുബായില്‍ 3000 ദിര്‍ഹം വരെ ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചു

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള പരിഷ്കരിച്ച ശമ്പള പദ്ധതി പ്രകാരമുള്ള വേതനമാണ് ഇപ്പോള്‍ നിജപ്പെടുത്തിയിരിക്കുന്നത്. 2018ലെ ദുബായ് മാനവ വിഭവശേഷി മാനേജ്‍മെന്റ് നിയമം -8 പ്രകാരം ദുബായ് സര്‍ക്കാറിന് കീഴിലുള്ള വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പുതിയ വേതന പദ്ധതി ബാധകമാവുന്നത്. 

Salary increment  announced in Dubai for government employees
Author
Dubai - United Arab Emirates, First Published Feb 24, 2020, 5:16 PM IST

ദുബായ്: ദുബായ് സര്‍ക്കാറിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെ ശമ്പള വര്‍ദ്ധനവ് മാനവ വിഭവശേഷി വകുപ്പ് ഡയറക്ടര്‍ ജനറല്‍ അബ്‍ദുല്ല ബിന്‍ സായിദ് അല്‍ ഫലാസി സ്ഥിരീകരിച്ചു. 47,000 സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് പുതിയ ശമ്പള പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള പരിഷ്കരിച്ച ശമ്പള പദ്ധതി പ്രകാരമുള്ള വേതനമാണ് ഇപ്പോള്‍ നിജപ്പെടുത്തിയിരിക്കുന്നത്. 2018ലെ ദുബായ് മാനവ വിഭവശേഷി മാനേജ്‍മെന്റ് നിയമം -8 പ്രകാരം ദുബായ് സര്‍ക്കാറിന് കീഴിലുള്ള വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പുതിയ വേതന പദ്ധതി ബാധകമാവുന്നത്. എന്നാല്‍ താല്‍കാലികാടിസ്ഥാനത്തിലോ പ്രത്യേക കരാറുകളിന്മേലോ പാര്‍ട്ട് ടൈം അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനുപുറമെ തങ്ങളുടെ ഗ്രേഡുകളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധി ശമ്പളം ഇപ്പോള്‍തന്നെ വാങ്ങുന്നവര്‍ക്കും പുതിയ പദ്ധതിയുടെ ഗുണം ലഭിക്കില്ല.

ജീവനക്കാര്‍ക്ക് 150 ദിര്‍ഹം മുതല്‍ പരമാവധി 3000 ദിര്‍ഹം വരെ ശമ്പളം കൂടുമെന്നാണ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ ഫലാസി അറിയിച്ചത്. പരിഷ്കരിച്ച ശമ്പളം മാര്‍ച്ച് മാസം മുതല്‍ ലഭ്യമാവും. ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ പുതിയ വേതന പദ്ധതിക്ക് പ്രാബല്യം നല്‍കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios