റിയാദ്​: വിദേശ വ്യവസായികളെ വരവേൽക്കാൻ സൗദി അറേബ്യയിൽ ഇനി നിക്ഷേപ മന്ത്രാലയം. സൽമാൻ രാജാവ്​ പ്രഖ്യാപിച്ച പുതിയ മൂന്ന്​ മന്ത്രാലയങ്ങളിൽ ഒന്ന്​ നിക്ഷേപ മന്ത്രാലയമാണ്​. നിലവിൽ അതോറിറ്റികളായി പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളെയാണ്​ പുതുതായി മൂന്ന്​ മന്ത്രായങ്ങളാക്കി ഉയർത്തിയത്‌.

വിദേശ വ്യവസായ സംരംഭങ്ങളടക്കം രാജ്യത്തെ നിക്ഷേപ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന സൗദി ജനറൽ ഇൻവെസ്​റ്റ്​മെൻറ്​ അതോറിറ്റിയാണ്​ (സാഗിയ) നിക്ഷേപ മന്ത്രാലയമാക്കി മാറ്റിയത്​. ഇൻവെസ്​റ്റ്​മെൻറ്​ മിനിസ്​ട്രി എന്നാണ്​ പേര്​. സ്പോർട്സ് അതോറിറ്റി, സ്പോർട്സ് മന്ത്രാലയമായി. ടൂറിസം അതോറിറ്റി ടൂറിസം മന്ത്രാലയവുമായി​. അതേസമയം സൗദി സിവിൽ സർവീസ് മന്ത്രാലയത്തെ തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിൽ ലയിപ്പിച്ചു. മാനവ വിഭവ, സാമൂഹിക ക്ഷേമ മന്ത്രാലയം എന്നായിരിക്കും ഈ മന്ത്രാലയത്തിന്റെ പുതിയ പേരെന്നും
രാജവിജ്ഞാപനത്തിൽ പറയുന്നു.

സിവിൽ സർവീസ് മന്ത്രാലയം ഇല്ലാതായതോടെ സിവിൽ സർവീസ് വകുപ്പു മന്ത്രി സുലൈമാൻ അബ്​ദുല്ല അൽഹംദാനെ തൽസ്ഥാനത്ത്​ നിന്ന് ഒഴിവാക്കി. തൊഴിൽ മന്ത്രി എൻജി. സുലൈമാൻ അൽരാജ്‌ഹിക്കായിരിക്കും മാനവ വിഭവ, സാമൂഹിക ക്ഷേമ മന്ത്രാലയത്തി​െൻറ ചുമതല. സാഗിയ മേധാവിയായിരുന്ന ഇബ്രാഹിം അബ്​ദുറഹ്‌മാൻ അൽഉമറിനെയും തൽസ്ഥാനത്ത്​ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്പോർട്സ് മന്ത്രാലയത്തി​നെ്ൻറെ  ചുമതല അമീർ അബ്​ദുൽ അസീസ് ബിൻ തുർക്കിക്കായിരിക്കുമെന്നും രാജ വിജ്ഞാപനത്തിൽ പറയുന്നു.

വാർത്താവിതരണ വകുപ്പുമന്ത്രി തുർക്കി അൽശബാനയെ തൽസ്ഥാനത്ത്​ നിന്ന് മാറ്റി വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബിയെ വാർത്തവിതരണ വകുപ്പു ചുമതല കൂടി ഏൽപിച്ചു. അഹമ്മദ്‌ ബിൻ അഖീൽ അൽഖതീബാണ് പുതിയ ടൂറിസം മന്ത്രി. ഖാലിദ് ബിൻ അബ്​ദുൽ അസിസ് അൽഫാലിഹ്​​ നിക്ഷേപ മന്ത്രിയും.