Asianet News MalayalamAsianet News Malayalam

സൗദി അറേബ്യ അന്താരാഷ്​ട്ര സൈക്ലിങ്​​ മത്സരം തുടങ്ങുന്നു: ഉദ്​ഘാടനം ഫെബ്രുവരിയിൽ റിയാദിൽ

അഞ്ച്​ ഘട്ടങ്ങളായി മത്സരം ഫെബ്രുവരി നാല്​ മുതൽ എട്ട്​ വരെയാ​ണെന്നും അദ്ദേഹം വ്യാഴാഴ്​ച റിയാദിൽ മാധ്യമങ്ങളോട്​ വെളിപ്പെടുത്തി

saudi arabia going to start an international cycling
Author
Saudi Arabia, First Published Jan 26, 2020, 11:57 PM IST

റിയാദ്​: സൗദി അറേബ്യ സ്വന്തം നിലയിൽ ഒരു രാജ്യാന്തര സൈക്ലിങ്​​ മത്സര പരിപാടിക്ക്​ തുടക്കം കുറിക്കുന്നു. തലസ്ഥാന നഗരമായ റിയാദാണ്​​ ആദ്യ തവണ ആതിഥേയത്വം വഹിക്കുകയെന്നും സൗദി ജനറൽ സ്​പോർട്​സ്​ അതോറിറ്റി ചെയർമാൻ അമീർ അബ്​ദുൽ അസീസ്​ ബിൻ തുർക്കി അൽഫൈസൽ അറിയിച്ചു.

അഞ്ച്​ ഘട്ടങ്ങളായി മത്സരം ഫെബ്രുവരി നാല്​ മുതൽ എട്ട്​ വരെയാ​ണെന്നും അദ്ദേഹം വ്യാഴാഴ്​ച റിയാദിൽ മാധ്യമങ്ങളോട്​ വെളിപ്പെടുത്തി. ഫ്രാൻസിലെ പ്രശസ്​ത സൈക്ലിങ്​​ മത്സരം ‘ടൂർ ഡെ ഫ്രാൻസി’ന്‍റെ സംഘാടകരായ അമാരി സ്​പോർട്​ ഒാർഗനൈസേഷൻ (എ.എസ്​.ഒ) ആണ്​ ഉദ്ഘാടന പതിപ്പായ 2.1 കാറ്റഗറി മത്സരം അവതരിപ്പിക്കുന്നത്​. റിയാദ്​ നഗരത്തെ വലം വെക്കും വിധം ട്രാക്കൊരുക്കിയാണ്​ മത്സരം.

റിയാദ്​ ഡിജിറ്റൽ സിറ്റിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മത്സരത്തി​ന്‍റെ റൂട്ട്​ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടു. അമാരി സ്​പോർട്​ ഓർഗനൈസേഷൻ ഇതേ രീതിയിൽ ഒമാനിലും ‘ടൂർ ഓഫ്​ ഒമാൻ’ സൈക്ലിങ്​​ മത്സരം പ്രഖ്യാപിച്ചിരുന്നു. അതിന്​ മുമ്പായി​ സൗദിയിൽ മത്സരം പൂർത്തിയാക്കാനായിരുന്നു​ തീരുമാനവും. എന്നാൽ ഫെബ്രുവരി 11 മുതൽ 16 വരെ ഒമാനി​ൽ നിശ്ചയിച്ച മത്സരം സുൽത്താൻ ഖാബൂസിന്‍റെ വിയോഗത്തെ തുടർന്ന്​ റദ്ദാക്കി​.

മധ്യപൗരസ്​ത്യ ദേശത്ത്​ സൈക്ലിങ്ങിന്​ ഒരു പുതിയ മേഖലയെ സൃഷ്​ടിച്ചെടുക്കുക എന്ന ദൗത്യത്തിലാണ്​ തങ്ങളെന്നും ഈ വർഷം അതിന്​ തുടക്കം കുറിക്കുമെന്നും എ.എസ്​.ഒ ചീഫ്​ എക്​സിക്യുട്ടീവ്​ യാൻ ലെ മോയനർ പറഞ്ഞു. സൗദി അറേബ്യയിൽ ഇതിനും തുടക്കം കുറിക്കും. സൈക്ലിങ്ങിന്‍റേതായ ഒരു അന്തരീക്ഷം സൗദി വ്യാപകമായി വളർത്തിയെടുക്കും. മറ്റ്​ രാജ്യങ്ങളിലേക്കും ഇത്​ വ്യാപിപ്പിക്കും. മത്സരം വാർഷിക കലണ്ടറി​ന്‍റെ ഭാഗമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി അറേബ്യയ്​ക്ക്​ ഇതൊരു ആദരമാണെന്നും ആഭ്യന്തര വിനോദ സഞ്ചാരമേഖലയുടെ പ്രോത്സാഹനത്തിന്​ രാജ്യാന്തര സൈക്ലിങ്​ മത്സരം സഹായകമാകുമെന്നും സൗദി സൈക്ലിങ്​ ഫെഡറേഷൻ ചീഫ്​ സബാഹ്​ അൽഖറൈദീസ്​ പറഞ്ഞു. സൈക്ലിങ്ങി​ന്‍റെ സൗദി സഞ്ചാരം രാജ്യത്തിന്‍റെ വിഭിന്ന പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനും പൊതുജനത്തിന്​ പരസ്​പരം അറിയാനും ചരിത്രസ്ഥലങ്ങൾ മനസിലാക്കാനുമെല്ലാം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദ്​ നഗരത്തോട്​ ചേർന്നുള്ള മലനിരകളിലൂടെയും നഗരത്തിനുള്ളിലെ നിരത്തുകളും സൈക്ലിങ്​ ട്രാക്കുകളായി മാറും. സൈക്ലിങ്​ പ്രേമികൾക്ക്​ സൗദിയിലെത്താൻ അടുത്തിടെ ഏർപ്പെടുത്തിയ ഇവന്‍റ്​ വിസ വലിയ അനുഗ്രഹമായി മാറും.

Follow Us:
Download App:
  • android
  • ios