റിയാദ്: മക്ക, മദീന എന്നീ നഗരങ്ങളില്‍ കര്‍ഫ്യൂ 24 മണിക്കൂറാക്കി സൗദി ആഭ്യന്തര മന്ത്രാലയം. നിരോധനാജ്ഞ വ്യാഴാഴ്ച നടപ്പായി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അനിശ്ചിതകാലത്തേക്കാണ് നടപടി. കോവിഡ് പടരുന്നത് തടയാന്‍ ഏറ്റവും ശക്തമായ നടപടിയാണ് മന്ത്രാലയം ഇതിലൂടെ സ്വീകരിച്ചിരിക്കുന്നത്. 

മക്ക, മദീന നഗര പരിധിക്കുള്ളില്‍ പുറത്തുനിന്നും ആര്‍ക്കും പ്രവേശിക്കാനാവില്ല. ഈ നഗരങ്ങളിലുള്ളവര്‍ക്ക് അതിര്‍ത്തി വിട്ട് പുറത്തുപോകാനും അനുവാദമില്ല. നേരത്തെ ഭാഗിക കര്‍ഫ്യൂവില്‍ പൊതു, സ്വകാര്യ മേഖലകളിലെ സുപ്രധാന വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്‍കിയ ഇളവുകള്‍ അതേപടി നിലനില്‍ക്കും. അത്തരം ആളുകള്‍ക്ക് നിരോധനാജ്ഞ ബാധകമല്ല. 

മക്ക, മദീന പ്രദേശവാസികള്‍ക്ക് രാവിലെ ആറ് മുതല്‍ വൈകീട്ട് മൂന്ന് വരെ കര്‍ഫ്യുവില്‍ നേരിയ ഇളവുണ്ട്. ആതുരശുശ്രൂഷ, ഭക്ഷണം തുടങ്ങിയ ഏറ്റവും അത്യാവശ്യമായ ആവശ്യങ്ങള്‍ക്ക് മാത്രം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഏറ്റവും അടുത്തുള്ള സ്ഥാപനങ്ങളില്‍ പോകാവുന്നതാണ്. എടിഎം ഉപയോഗക്കുന്നതിനും പുറത്തിറങ്ങാം. 

എന്നാല്‍ ഈ ആവശ്യങ്ങള്‍ക്കും കുട്ടികളുമായി പുറത്തിറങ്ങാന്‍ പാടില്ല. ഫാര്‍മസികള്‍, ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാവുന്ന സ്റ്റോറുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, ബാങ്കിങ് സേവനങ്ങള്‍ എന്നിവ മാത്രമേ താമസകെട്ടിടങ്ങളുടെ പരിസരങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ.