Asianet News MalayalamAsianet News Malayalam

സൗദിയിൽ ശക്തമായ ഇടിമിന്നലില്‍ വന്‍ നാശനഷ്ടം

റിയാദ് അസീസിയയിൽ താമസിക്കുന്ന കൊല്ലം സ്വദേശി അൻസാരിയുടെ ഫ്ലാറ്റിൽ കനത്ത നാശനഷ്ടമാണുണ്ടായത്. വീട്ടിലെ എൽ.ഇ.ഡി ടി.വികൾ ഉൾപ്പെടെ വിവിധ ഉപകരണങ്ങളും ഇദ്ദേഹം മാനേജരായ സമീപത്തെ സ്കൂളിലെ സി.സി.ടി.വി കാമറകളും അനുബന്ധ ഉപകരണങ്ങളും കേടായി. 

Saudi capital Riyadh hit by thunderstorms
Author
Riyadh Saudi Arabia, First Published Dec 9, 2019, 2:50 PM IST

റിയാദ്: ശനിയാഴ്ച വൈകീട്ട് റിയാദ് നഗരത്തിലുണ്ടായ ശക്തമായ ഇടിമിന്നലിൽ വൻ സ്വത്ത് നാശം. മലയാളികളുൾപ്പെടെ പലരുടെയും സ്ഥാപനങ്ങളിലെയും വീടുകളിലെയും ഇലക്ട്രോണിക് ഉപകരണങ്ങൾ കേടായി. സി.സി ടി.വി കാമറകളും അനുബന്ധ ഉപകരണങ്ങളും നശിച്ചവയിൽ പെടുന്നു. 

റിയാദ് അസീസിയയിൽ താമസിക്കുന്ന കൊല്ലം സ്വദേശി അൻസാരിയുടെ ഫ്ലാറ്റിൽ കനത്ത നാശനഷ്ടമാണുണ്ടായത്. വീട്ടിലെ എൽ.ഇ.ഡി ടി.വികൾ ഉൾപ്പെടെ വിവിധ ഉപകരണങ്ങളും ഇദ്ദേഹം മാനേജരായ സമീപത്തെ സ്കൂളിലെ സി.സി.ടി.വി കാമറകളും അനുബന്ധ ഉപകരണങ്ങളും കേടായി. സ്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് അൻസാരിയുടെ ഫ്ലാറ്റ്. ശനിയാഴ്ച വൈകീട്ട് നാലിനും അഞ്ചിനും ഇടയിലാണ് ശക്തമായ ഇടിമിന്നലുണ്ടായത്. അപ്പോൾ ചാറ്റൽ മഴയുമുണ്ടായിരുന്നു. 

ആകാശം നടുങ്ങുമാറ് ഉഗ്ര ശബ്ദത്തോടെ കെട്ടിടത്തിന് പിൻവശത്ത് ഇടി ചായുകയായിരുന്നെന്ന് അൻസാരി പറഞ്ഞു. വീട്ടിനുള്ളിൽ വരെ പ്രകമ്പനമുണ്ടായി. എല്ലാം കൂടി തകർന്നുവീഴുന്നത് പോലെ തോന്നി. താനും ഭാര്യയും കുട്ടികളും ഭയന്നുപോയി. ഇടിമിന്നലിന്റെ ആഘാതത്തിൽ വീട്ടിലെ രണ്ട് എൽ.ഇ.ഡി ടെലിവിഷൻ സെറ്റുകൾ, മ്യൂസിക് സിസ്റ്റം, ആന്റിനയുടെ റിസീവർ, ആപ്പിൾ ടി.വി എന്നിവ അടിച്ചുപോയി. സ്കൂളിലെ ഒമ്പത് സി.സി.ടി.വി കാമറകൾ, ഡി.വി.ആർ എന്നിവയും പോയി. ഈ ഉപകരണങ്ങളെല്ലാം പവർ സപ്ലൈയിൽ കണക്ട് ചെയ്തിരുന്നത് കൊണ്ടാണ് കേടായതെന്നും ഇടിമിന്നലുണ്ടാവുമ്പോൾ വൈദ്യുതി ബന്ധം വിഛേദിക്കാൻ എല്ലാവരും മുന്‍കരുതലെടുക്കണമെന്ന് അൻസാരി പറഞ്ഞു. വീട്ടിൽ മാത്രം ഉപകരണങ്ങൾ കേടായ വകയിൽ ഏഴായിരം റിയാലിന്റെ നഷ്ടമുണ്ടായിട്ടുണ്ട്. സ്കൂളിന് നഷ്ടം പതിനായിരം റിയാലിന്റെയും. ഇതേ കെട്ടിടത്തിലെ മുൻവശത്തെ മുറിയിൽ പ്രവർത്തിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയുടെ ടൈലറിങ് ഷോപ്പിലെ കാമറകളും ഡി.വി.ആറും ഇതേ രീതിയിൽ കേടായി. 

Follow Us:
Download App:
  • android
  • ios