റിയാദ്: സൗദിയിൽ വിനോദസഞ്ചാര മേഖല വൻ കുതിപ്പിലേക്ക്. വിനോദ സഞ്ചാര മേഖലയിലുള്ള സ്ഥാപനങ്ങൾക്ക് തൽക്ഷണം ലൈസൻസ് അനുവദിക്കാനാണ് തീരുമാനം. ഈ മേഖലയിലെ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിന് 150 ദിവസം വരെ എടുത്തടത്തിപ്പോൾ രണ്ടു മിനിറ്റുകൊണ്ടാണ് ലൈസൻസ് അനുവദിക്കുന്നത്. വിനോദ സഞ്ചാര മേഖലയിലുള്ള സ്ഥാപനങ്ങൾക്ക് ഓൺലൈനായി വളരെ വേഗത്തിൽ ലൈസൻസ് നൽകുന്ന പദ്ധതി സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജാണ് ആരംഭിച്ചത്.

ഈ മേഖലയുമായി ബന്ധപ്പെട്ട ഒൻപതു സേവനങ്ങൾക്കുള്ള നടപടിക്രമങ്ങൾ രണ്ടു മിനിറ്റിനകം പൂർത്തിയാക്കുന്ന പദ്ധതിയാണ് കമ്മീഷൻ ആരംഭിച്ചത്. പുതിയ ലൈസൻസ്, ലൈസൻസ് പുതുക്കൽ, റദ്ദാക്കൽ, ഉടമസ്ഥാവകാശം മാറ്റൽ, പേര് മാറ്റൽ, ടൂർ ഗൈഡ് മേഖലയിലെ ലൈസൻസ് തുടങ്ങിയ അപേക്ഷകളിലാണ് അതിവേഗത്തിൽ കമ്മീഷൻ നടപടികൾ പൂർത്തിയാക്കുക.

നേരത്തെ വിനോദസഞ്ചാര രംഗത്തെ വ്യവസായ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിന് 150 ദിവസംവരെ എടുത്തിരുന്നു. ഇതാണിപ്പോൾ രണ്ടു മിനിറ്റായി കുറിച്ചിരിക്കുന്നത്. ടൂറിസം മേഖലയിലെ വളർച്ച കണക്കിലെടുത്തും ഈ മേഖലയിലെ പ്രവർത്തനം എളുപ്പമാക്കുന്നതും ലക്ഷ്യമിട്ടാണ് സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് തൽക്ഷണ ലൈസൻസ് സേവനം ആരംഭിച്ചിരിക്കുന്നത്.

ലോകത്തെങ്ങുനിന്നുമുള്ള വിനോദ സഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാൻ തുടങ്ങിയതോടെ സൗദി സന്ദർശിക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.