Asianet News MalayalamAsianet News Malayalam

ദുബായില്‍ പുതിയ ഉത്തരവ് പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്; നിയമലംഘകര്‍ക്ക് കനത്ത പിഴ

നഗരത്തിന്റെ സൗന്ദര്യവും ഭംഗിയും കാത്തുസൂക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവ്. ഇതോടൊപ്പം ഗതാഗത-പൊതു സുരക്ഷ ഉറപ്പുവരുത്താനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും ക്രമസമധാനവും മൂല്യങ്ങളും ആചാരങ്ങളും തകര്‍ക്കുന്നതുമായ പരസ്യങ്ങളെ നിയന്ത്രിക്കാനും പുതിയ ഉത്തരവ് ലക്ഷ്യമിടുന്നു. ദുബായിലെ പ്രൈവറ്റ് ഡെവലപ്മെന്റ് സോണുകളും ഫ്രീ സോണുകളും അടക്കമുള്ള എല്ലാ പ്രദേശങ്ങള്‍ക്കും ഇത് ബാധകമാക്കിയിട്ടുണ്ട്.

Sheikh Mohammed issues decree on regulation of advertisements in Dubai
Author
Dubai - United Arab Emirates, First Published Feb 25, 2020, 10:26 PM IST

ദുബായ്: എമിറേറ്റില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ് പുറത്തിറക്കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. രാജ്യത്തെ പരസ്യമേഖലയ്ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ നിഷ്കര്‍ശിക്കുന്ന ഉത്തരവില്‍ പരസ്യ ഏജന്‍സികള്‍ സര്‍ക്കാര്‍ വകുപ്പുകളുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്നും വ്യക്തമാക്കുന്നു.

നഗരത്തിന്റെ സൗന്ദര്യവും ഭംഗിയും കാത്തുസൂക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവ്. ഇതോടൊപ്പം ഗതാഗത-പൊതു സുരക്ഷ ഉറപ്പുവരുത്താനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും ക്രമസമധാനവും മൂല്യങ്ങളും ആചാരങ്ങളും തകര്‍ക്കുന്നതുമായ പരസ്യങ്ങളെ നിയന്ത്രിക്കാനും പുതിയ ഉത്തരവ് ലക്ഷ്യമിടുന്നു. ദുബായിലെ പ്രൈവറ്റ് ഡെവലപ്മെന്റ് സോണുകളും ഫ്രീ സോണുകളും അടക്കമുള്ള എല്ലാ പ്രദേശങ്ങള്‍ക്കും ഇത് ബാധകമാക്കിയിട്ടുണ്ട്.

ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള അനുമതി ലഭിച്ചതിന് ശേഷമേ ഇനി ദുബായില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളൂ. ദുബായ് മുനിസിപ്പാലിറ്റി, റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി, ഇക്കണോമിക് ഡെവലപ്മെന്റ് വകുപ്പ്, പ്രൈവറ്റ് ഡെവലപ്മെന്റ് സോണ്‍ മാനേജിങ് അതോരിറ്റി, ഫ്രീ സോണ്‍ മാനേജിങ് അതോരിറ്റി, ദുബായ് സിവില്‍ ഏവിയേഷന്‍ അതോരിറ്റി, ദുബായ് മാരിടൈം സിറ്റി അതോരിറ്റി എന്നിവയില്‍ നിന്നുള്ള അനുമതിയാണ് വാങ്ങേണ്ടത്. അനുമതികള്‍ക്കാവശ്യമായ നിബന്ധനകളും സാങ്കേതിക മാനദണ്ഡങ്ങളും ദുബായ് മുനിസിപ്പാലിറ്റി, ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് നിശ്ചയിക്കും.

അനുമതി ലഭിച്ചുകഴിഞ്ഞാല്‍ അതില്‍ നിഷ്കര്‍ശിക്കുന്ന വ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടാകണം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടത്. അനുമതി ലഭിച്ച കാലയളവ് അവസാനിച്ചാല്‍ പരസ്യ കമ്പനി തന്നെ അവ നീക്കം ചെയ്ത് ആ സ്ഥലം പഴയത് പോലെയാക്കണം. ചരിത്രപ്രധാനമായ കെട്ടിടങ്ങള്‍, ആരാധനാലയങ്ങള്‍, ശ്‍മശാനങ്ങള്‍, ട്രാഫിക് ലൈറ്റുകള്‍, ട്രൈഫിക് സൈനുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, മരങ്ങള്‍, നിയന്ത്രിത മേഖലകള്‍, മിലിട്ടറി ഏരിയ, റെസിഡന്‍ഷ്യല്‍ ബില്‍ഡിങുകള്‍, അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലൊന്നും പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ പാടില്ല.

നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴയും മറ്റ് ശിക്ഷകളും ഉത്തരവില്‍ പറയുന്നുണ്ട്. പിഴ ശിക്ഷ ലഭിക്കുന്നവര്‍ക്ക് 30 ദിവസത്തിനകം ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ജനറല്‍ മുമ്പാകെ അപ്പീല്‍ നല്‍കാനും സാധിക്കും.

Follow Us:
Download App:
  • android
  • ios