മസ്‍കത്ത്: ഒമാനില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ഇറാനില്‍ നിന്നെത്തിയ രണ്ടുപേര്‍ക്ക് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരിലാണ് ഇന്ന് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം നാലായി.

കൊറണ ബാധിത രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളവര്‍ ആരോഗ്യ മന്ത്രാലയത്തിലെ കോള്‍ സെന്ററില്‍ വിളിച്ച് വിവരം അറിയിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് ഒമാനിലെത്തിയ  250ല്‍ അധികം ആളുകള്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്‍മദ് ബിന്‍ മുഹമ്മദ് അല്‍ സൈദി ഒമാന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി പരിശോധനകള്‍ നടത്തുകയാണ് അധികൃതര്‍.