അബുദാബി: മതവിരുദ്ധമായ ഫേസ്ബുക്ക് പോസ്റ്റിട്ട ഇന്ത്യക്കാരന് അബുദാബിയില്‍ ജോലി പോയി. സ്വകാര്യ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ മാനേജരായിരുന്നയാള്‍ക്ക് മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ടുവെന്ന പേരിലാണ് ജോലി നഷ്ടമായത്. ഇസ്‌ലാമോഫോബിയ പ്രകടിപ്പിച്ച ഇയാള്‍ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്തതായും അധികൃതര്‍ അറിയിച്ചതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ ഒരു മതവിഭാഗം പൊതുസ്ഥലങ്ങളില്‍ തുപ്പി കൊറോണ വൈറസ് പടര്‍ത്തുന്നുവെന്നും, ഭീകരാക്രമണത്തേയും കൊവിഡ് പടര്‍ത്തുന്നതിനെയും താരതമ്യം ചെയ്തുമായിരുന്നു ഇയാളുടെ പോസ്റ്റ്. ഒപ്പം വ്യാജ വീഡിയോയും ഇയാളുടെ പോസ്റ്റിനൊപ്പമുണ്ടായിരുന്നു. സംഭവം കമ്പനി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയും നിയമനടപടി ആരംഭിക്കുകയുമായിരുന്നു.

അതേസമയം ഒരു ഇവന്റ് മാനജ്‌മെന്റ് കമ്പനി ഉടമ ജോലി തേടിയെത്തിയ ഇന്ത്യക്കാരനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞതായുള്ള പരാതിയും ഉയര്‍ന്നു. ദുബായില്‍ ജോലി തേടിയെത്തിയ ശംഷാദ് ആലം എന്നയാള്‍ കമ്പനിയുടമയ്ക്ക് സിവി അയച്ചപ്പോഴായിരുന്നു ഭണ്ടാരി എന്ന കമ്പനിയുടമ ഇയാളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞത്. സംഭവത്തെ എതിര്‍ത്ത ആലത്തോട് പോയി പൊലീസില്‍ പരാതി നല്‍കാന്‍ പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആലം പറയുന്നു. സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സംഭവത്തില്‍ ദുബായ് പൊലീസ് പരാതി നല്‍കിയതായി ആലം പറഞ്ഞു.