അബുദാബി: യുഎഇയില്‍ 210 പേര്‍ക്ക് കൂടി വ്യാഴാഴ്ച കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. നേരത്തെ രോഗം ബാധിക്കുകയും എന്നാല്‍ സ്വയം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയോ മറ്റ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാത്തവരില്‍ നിന്ന് രോഗം പകര്‍ന്നവരാണിവര്‍. 

ഇതോടെ യുഎഇയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് രോഗികളുടെ എണ്ണം 1024 ആയി. പുതിയതായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ വിവിധ രാജ്യക്കാരുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മതിയായ ചികിത്സ നല്‍കിവരികയാണെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

അതേസമയം ആശ്വാസം പകര്‍ന്ന് ഇന്നലെ 35 പേര്‍ക്ക് കൂടി യുഎഇയില്‍ കൊവിഡ് ഭേദമായി. ഇതോടെ ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 96 ആയി. എട്ട് പേരാണ് ഇതുവരെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.