Asianet News MalayalamAsianet News Malayalam

യുഎഇ-സൗദി സംയുക്ത വിസ കുറഞ്ഞ കാലത്തേക്ക് മാത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ട്

ചെറിയ കാലയളവില്‍ ജോലിക്കോ വിനോദ പരിപാടികള്‍ക്കോ ബന്ധുക്കളെ സന്ദര്‍ശിക്കാനോ സംയുക്ത വിസ ഉപയോഗിക്കാനാവും. വിസ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 

uae saudi joint visa will be for short period
Author
Riyadh Saudi Arabia, First Published Dec 20, 2019, 8:47 PM IST

റിയാദ്: യുഎഇയും സൗദി അറേബ്യയും നടപ്പാക്കുന്ന സംയുക്ത വിസ കുറഞ്ഞ കാലാവധിയിലേക്ക് മാത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹ്രസ്വ കാലത്തേക്കുള്ള സന്ദര്‍ശനത്തിന് വേണ്ടി മാത്രമേ ഇത്തരം വിസകള്‍ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂവെന്ന് സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് വൈസ് പ്രസിഡന്റ് ഹൈഫാ ബിന്‍ത് മുഹമ്മദ് അല്‍ സൗദ് രാജകുമാരിയാണ് അറിയിച്ചത്.

ചെറിയ കാലയളവില്‍ ജോലിക്കോ വിനോദ പരിപാടികള്‍ക്കോ ബന്ധുക്കളെ സന്ദര്‍ശിക്കാനോ സംയുക്ത വിസ ഉപയോഗിക്കാനാവും. വിസ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇരുരാജ്യങ്ങളിലേക്കും ഇലക്ട്രോണിക് വിസകള്‍ അനുവദിക്കപ്പെട്ട രാജ്യങ്ങള്‍ വ്യത്യസ്ഥമായതിനാല്‍ സാങ്കേതിക, നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വിസ സംബന്ധിച്ചുള്ള അന്തിമ പ്രഖ്യാപനമുണ്ടാവുകയുള്ളൂ എന്നും ഹൈഫ പറഞ്ഞു. വിസയുടെ ഓണ്‍ലൈന്‍ സംവിധാനങ്ങളും നിബന്ധനകളും ക്രമീകരിക്കാനുള്ള നടപടികള്‍ യുഎഇയുടെ ഭാഗത്ത് നിന്ന് പൂര്‍ത്തിയായി വരുന്നുണ്ടെന്നും സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് വൈസ് പ്രസിഡന്റ് അറിയിച്ചു.

യുഎഇ-സൗദി അറേബ്യ സംയുക്ത വിസ 2020ല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ഇരുരാജ്യങ്ങളുടെയും ധാരണ. നേരത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഎഇ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇത് സംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ആഭ്യന്തര വിനോദ സഞ്ചാര മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ടാണിത്. സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ  ഹെരിറ്റേജും (എസ്.സി.ടി.എച്ച്) യുഎഇയുടെ സാമ്പത്തിക മന്ത്രാലയവും ഈ ലക്ഷ്യത്തോടെ ഒരുമിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണ് സംയുക്ത വിസ. 

രണ്ട് രാജ്യങ്ങളുടെയും അതിർത്തി കവാടങ്ങളിലും വിമാനത്താവളങ്ങളിലും നടപടികൾ എളുപ്പത്തിലാക്കും. വിസ, എമിഗ്രേഷൻ നടപടികളിലെ സങ്കീർണതകൾ ഒഴിവാകും. ഇരു രാജ്യങ്ങളിലും താമസിക്കുന്നവർക്ക് വളരെ എളുപ്പം അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാൻ കഴിയും വിധം ഒറ്റ വിസ എന്ന സംവിധാനമാണ് കൊണ്ടുവരുന്നത്. 

Follow Us:
Download App:
  • android
  • ios