അബുദാബി: യുഎഇയിലെ സന്ദര്‍ശക, തൊഴില്‍ വിസകളുടെ കാലാവധി കഴിഞ്ഞാലും നിലവിലെ സാഹചര്യത്തില്‍ മൂന്ന് മാസത്തേക്ക് അധിക താമസത്തിനുള്ള പിഴ ഈടാക്കില്ല. യുഎഇ താമസകാര്യ വകുപ്പ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറിയാണ് ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെ ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ യുഎഇക്ക് പുറത്തുള്ളവരില്‍ നിന്നും വിസ കാലാവധി കഴിഞ്ഞതിനുള്ള പിഴ മൂന്ന് മാസത്തേക്ക് ഇടാക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്സ് ജീവനക്കാര്‍ക്ക് താമസ സ്ഥലത്തിരുന്ന് ജോലി  ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉപഭോക്താക്കള്‍ക്കായി വിവിധ ഭാഷകളിലുള്ള കോള്‍സെന്റര്‍ സംവിധാനം തുടര്‍ന്നും ലഭ്യമാവും. രാജ്യത്തെ എല്ലാ എന്‍ട്രി, എക്സിറ്റ് പോയിന്റുകളിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ പരിശോധനകള്‍ നടത്തി കൊവിഡ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ ക്യൂ ഒഴിവാക്കിയതും ഓണ്‍ലൈന്‍ വിസ സംവിധാനം ഏര്‍പ്പെടുത്തിയതുമൊക്കെ കൊവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.