സംവിധായകനും തിരക്കഥാകൃത്തും നായികാനായകന്മാരും എഡിറ്ററുമൊക്കെ നവാഗതര്‍. സാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത് അതിജീവനത്തിനായി മനുഷ്യര്‍ നടത്തുന്ന 'നെട്ടോട്ട'ത്തിന്റെ കഥയാണ്. നായകന്റെ പ്രണയം സമാന്തരമായി കടന്നുവരുന്നുവെങ്കിലും അതിലേക്കല്ല സിനിമയുടെ ശ്രദ്ധ. മറിച്ച് രണ്ട് യുവാക്കളുടെ അതിജീവനശ്രമങ്ങളും പരസ്പരം അറിയാതെ അവര്‍ അപരനില്‍ ഏല്‍പ്പിക്കുന്ന 'സ്വാധീനങ്ങളു'മാണ് സിനിമയുടെ കേന്ദ്രപ്രമേയം.

യൗവ്വനാരംഭം മുതല്‍ ജീവിതത്തില്‍ ആഗ്രഹിച്ചതൊന്നും നേടാനാവാതെപോയ ചെറുപ്പക്കാരനാണ് അബി. അതതുകാലങ്ങളില്‍ വിനയ് എന്ന മറ്റൊരു സമപ്രായക്കാരന്റെ രൂപത്തിലാണ് പല സാധ്യതകളും അയാളില്‍ നിന്ന് തട്ടിയെടുക്കപ്പെടുന്നത്. കോളെജില്‍ ഇഷ്ടമുള്ള കോഴ്‌സിന് അയാള്‍ക്ക് ലഭിക്കേണ്ട അഡ്മിഷന്‍ മുതല്‍ വിനയ്‌യുടെ 'അദൃശ്യസാന്നിധ്യം' അബിയുടെ ജീവിതത്തിന്മേലുണ്ട്. പക്ഷേ അവര്‍ പരസ്പരം അത് തിരിച്ചറിയുന്നില്ലെന്ന് മാത്രം. ഒരുപക്ഷേ താന്‍ ആഗ്രഹിച്ച ജീവിതം വിനയ് ജീവിക്കുമ്പോള്‍ അബി ഏറെക്കുറെ പരാജയം സമ്മതിച്ച അവസ്ഥയിലാണ് മുന്നോട്ടുപോകുന്നത്. ഈ രണ്ട് കഥാപാത്രങ്ങളെയും സമാന്തരമായി മുന്നോട്ട് കൊണ്ടുപോയി പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കുകയാണ് സംവിധായകന്‍. നന്ദു ആനന്ദ് എബിനെ അവതരിപ്പിക്കുമ്പോള്‍ റോഷന്‍ ഉല്ലാസ് ആണ് വിനയ് ആകുന്നത്.

ചിത്രത്തില്‍ നര്‍മ്മരംഗങ്ങള്‍ പ്രധാനമായും അലന്‍സിയര്‍ അവതരിപ്പിക്കുന്ന ചാച്ചപ്പനെയും സുഹൃത്തുക്കളെയും ആശ്രയിച്ചാണ്. പൊടുന്നനെ സ്‌ക്രീനിലെത്തുന്ന മണികണ്ഠന്റെ 'കാറ്റ്' എന്ന കഥാപാത്രം കഥപറച്ചിലിന് ജീവന്‍ വെപ്പിക്കുന്നുണ്ട്. പശ്ചിമകൊച്ചിയിലെ വൈപ്പിനും തിരുവനന്തപുരവുമാണ് 'ഓട്ട'ത്തിന്റെ കഥാപരിസരങ്ങളാവുന്നത്. വൈപ്പിന്‍ പശ്ചാത്തലമാകുന്ന പ്രധാനഭാഗത്ത് ചവിട്ടുനാടകാവതരണമൊക്കെ കഥാഗതിയുടെ ഭാഗമാവുന്നുണ്ട്. പുതുമുഖങ്ങള്‍ക്കൊപ്പം മണികണ്ഠന്‍ ആചാരി, സുധീര്‍ കരമന, അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍, രാജേഷ് ശര്‍മ്മ, രോഹിണി, ജോളി ചിറയത്ത്, തെസ്‌നി ഖാന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുതുമുഖങ്ങള്‍ക്കൊപ്പം ക്യാരക്ടര്‍ റോളുകളിലേക്കൊക്കെ പരിചയസമ്പന്നരെ കാസ്റ്റ് ചെയ്തിരിക്കുന്നത് മികച്ച തീരുമാനമാണ്.

രാജേഷ് കെ നാരായണന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പപ്പുവും അനീഷ്‌ലാല്‍ ആര്‍ എസും ചേര്‍ന്നാണ്. ജോണ്‍ പി വര്‍ക്കിക്കും 4 മ്യൂസിക്‌സിനുമാണ് സംഗീതത്തിന് ക്രെഡിറ്റ്‌സ്. തോമസ് തിരുവല്ലയാണ് നിര്‍മ്മാണം.