Asianet News MalayalamAsianet News Malayalam

'മന്ത്രി ബാലന് എന്‍റെ നിഴലിനെപ്പോലും പേടി', ബിന്ദു അമ്മിണി സുപ്രീം കോടതിയിലേക്ക്

ബിന്ദു അമ്മിണി തന്നെ ഓഫീസിലെത്തി കണ്ട കാര്യം ഓർമയില്ലെന്ന് പറഞ്ഞ മന്ത്രി എ കെ ബാലനെതിരെ രൂക്ഷവിമർശനമാണ് അവർ ഉന്നയിക്കുന്നത്. സർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇവർ. 

bindu ammini against minister ak balan in women entry at sabarimala
Author
Kottayam, First Published Nov 30, 2019, 1:44 PM IST

കോട്ടയം: സംസ്ഥാനസർക്കാരിനെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകുമെന്ന് ബിന്ദു അമ്മിണി. തന്‍റെ നിഴലിനെപ്പോലും മന്ത്രി എ കെ ബാലൻ ഭയപ്പെടുന്നു. അതുകൊണ്ടാണ് താൻ ഓഫീസിൽ വന്നത് അറിയില്ലെന്ന് പറഞ്ഞതെന്നും ബിന്ദു അമ്മിണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിന്ദു അമ്മിണി ഇപ്പോൾ കോട്ടയത്താണുള്ളത്. എന്നാൽ ശബരിമല ദർശനത്തിനല്ല കോട്ടയത്ത് എത്തിയതെന്ന് ബിന്ദു അമ്മിണി വ്യക്തമാക്കി. 

ഏറ്റുമാനൂരിൽ അധ്യാപകൻ പീഡിപ്പിച്ചത് തുറന്ന് പറഞ്ഞത് മൂലം 95 വിദ്യാർത്ഥികളുടെ പഠനം മുടങ്ങിയ സാഹചര്യത്തിൽ ഇതിനെതിരെയുള്ള പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യാനാണ് കോട്ടയത്ത് വന്നതെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. ഈ കേസിൽ പരാതി നൽകാനാണ് ബിന്ദു അമ്മിണി എ കെ ബാലന്‍റെ ഓഫീസിലെത്തിയത്. 

സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ബിന്ദു അമ്മിണി ഉന്നയിക്കുന്നത്. കഴിഞ്ഞ വർഷവും ഈ വർഷവും സർക്കാരിന് ഒരേ നിലപാടാണ്. സ്ത്രീകളെ കടത്തിവിടേണ്ട എന്ന നിലപാടിൽ നിന്ന് സർക്കാ‍ർ മാറുന്നില്ല. ഭയം കൊണ്ട് മാത്രമാണ് താൻ ഓഫീസിൽ വന്നിരുന്നില്ലെന്ന് മന്ത്രി എ കെ ബാലൻ പറയുന്നതെന്നും ബിന്ദു അമ്മിണി പറയുന്നു. 

എന്നാൽ താൻ ബിന്ദു അമ്മിണിയുമായി നേരിട്ട് ചർച്ച നടത്തിയിട്ടില്ലെന്നാണ് മന്ത്രി എ കെ ബാലൻ വിശദീകരിച്ചത്. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശബരിമല ദർശനത്തിന് തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ചേരാൻ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ ഹിന്ദു ഹെൽപ്‍ലൈൻ പ്രവർത്തകനായ ശ്രീനാഥ് കുരുമുളകുപൊടി സ്പ്രേ അടിച്ച് ആക്രമിച്ചത്. രാവിലെ എട്ടുമണിയോടെയാണ് സംഘർഷഭരിതമായ സംഭവങ്ങൾ ഉണ്ടായത്.  കമ്മീഷണർ ഓഫീസിലേക്കെത്തിയത് ബിന്ദു അമ്മിണിയാണെന്നറിഞ്ഞതോടെ പ്രതിഷേധവുമായെത്തിയ ശബരിമല കർമസമിതി പ്രവർകരും ബിജെപി നേതാക്കളും ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകരും ഇവരെ തടഞ്ഞു. തുടർന്ന് വാക്കേറ്റമുണ്ടായി. 

വീണ്ടും കമ്മീഷണർ ഓഫീസിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകനായ ശ്രീനാഥ് ചാടിവീണ് കുരുമുളക് സ്പ്രേ അടിച്ചത്. പെട്ടെന്ന് പൊലീസ് ഇടപെട്ട് ബിന്ദു അമ്മിണിയെ വാഹനത്തിലേക്ക് മാറ്റി. ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിൽസ നൽകിയശേഷം കണ്ണുരോഗ വിദഗ്‍ധനെ കാണിക്കുകയും ചെയ്തു. 

എന്നാൽ തിരികെപ്പോകില്ലെന്നും ശബരിമല ദർശനത്തിനാണ് വന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞതോടെ സുരക്ഷ നൽകാനാകില്ലെന്ന് പൊലീസും നിലപാടെടുത്തു. 

Follow Us:
Download App:
  • android
  • ios