Asianet News MalayalamAsianet News Malayalam

ശബരിമല യുവതീ പ്രവേശനവിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്, നിർണായക പരാമർശം

ബിന്ദു അമ്മിണി നൽകിയ ഹർജി പരിഗണിക്കവേ ആണ് സുപ്രീംകോടതിയുടെ നിർണായക പരാമർശം. പുതുതായി കേസ് പരിഗണിക്കുന്ന ഭരണഘടനാ ബഞ്ചിന്‍റെ അധ്യക്ഷനാകുന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ തന്നെയാണ് ഈ പരാമർശം നടത്തിയത് എന്നതാണ് ശ്രദ്ധേയം. 

sabarimala women entry judgement of supreme court in 2018 is not final
Author
New Delhi, First Published Dec 5, 2019, 12:00 PM IST

ദില്ലി: ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ട സാഹചര്യത്തിൽ ഇപ്പോഴുള്ള വിധി അന്തിമമല്ലെന്നാണ് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചത്. 

ബിന്ദു അമ്മിണി നൽകിയ ഹർജി പരിഗണിക്കവേ ആണ് സുപ്രീംകോടതിയുടെ നിർണായക പരാമർശം. പുതുതായി കേസ് പരിഗണിക്കുന്ന ഭരണഘടനാ ബഞ്ചിന്‍റെ അധ്യക്ഷനാകുന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ തന്നെയാണ് ഈ പരാമർശം നടത്തിയത് എന്നതാണ് ശ്രദ്ധേയം. 

ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി വേഗത്തിൽ പരിഗണിക്കണമെന്നാണ് ബിന്ദു അമ്മിണി ആവശ്യപ്പെട്ടത്. പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്‍സിംഗാണ് ബിന്ദു അമ്മിണിക്കായി ഹാ‍ജരായത്. ബിന്ദു അമ്മിണിയുടെ ഹർജി അടുത്തയാഴ്ച കോടതി പരിഗണിക്കും.

ശബരിമലയിൽ ദര്‍ശനത്തിന് പൊലീസ് സുരക്ഷ നൽകാൻ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നൽകിയ ഹര്‍ജിയും അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ബുധനാഴ്ച ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഈ ഹര്‍ജികൾ ഭരണഘടനാ ബെഞ്ച് തന്നെ പരിഗണിക്കേണ്ട സാഹചര്യമുണ്ടോ എന്നതിൽ ഈ ആഴ്ച ചീഫ് ജസ്റ്റിസ് തീരുമാനം എടുത്തേക്കും. 

ശബരിമല ദർശനത്തിന് തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ചേരാൻ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ ഹിന്ദു ഹെൽപ്‍ലൈൻ പ്രവർത്തകനായ ശ്രീനാഥ് കുരുമുളകുപൊടി സ്പ്രേ അടിച്ച് ആക്രമിച്ചിരുന്നു. കമ്മീഷണർ ഓഫീസിലേക്ക് എത്തിയത് ബിന്ദു അമ്മിണിയാണെന്നറിഞ്ഞതോടെ പ്രതിഷേധവുമായെത്തിയ ശബരിമല കർമസമിതി പ്രവർകരും ബിജെപി നേതാക്കളും ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകരും ഇവരെ തടഞ്ഞു. തുടർന്ന് വാക്കേറ്റമുണ്ടായി. 

വീണ്ടും കമ്മീഷണർ ഓഫീസിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകനായ ശ്രീനാഥ് ചാടിവീണ് കുരുമുളക് സ്പ്രേ അടിച്ചത്. പെട്ടെന്ന് പൊലീസ് ഇടപെട്ട് ബിന്ദു അമ്മിണിയെ വാഹനത്തിലേക്ക് മാറ്റി. ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിൽസ നൽകുകയും ചെയ്തു.

എന്നാൽ തിരികെപ്പോകില്ലെന്നും ശബരിമല ദർശനത്തിനാണ് വന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞതോടെ സുരക്ഷ നൽകാനാകില്ലെന്ന് പൊലീസും നിലപാടെടുത്തു. ഇതേത്തുടർന്ന് ബിന്ദു അമ്മിണിക്ക് മടങ്ങേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് ബിന്ദു അമ്മിണി സുപ്രീംകോടതിയെ സമീപിച്ചത്. 

Follow Us:
Download App:
  • android
  • ios