ബെം​ഗളൂരു: ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്ത ബഹിരാകാശ വിക്ഷേപണവാഹനമായ പിഎസ്എൽവി അമ്പതാം വിക്ഷേപണത്തിനൊരുങ്ങുന്നു. പ്രതിരോധാവശ്യങ്ങൾക്കായുള്ള റിസാറ്റ് 2 ബിആ‌ർ 1 എന്ന അത്യാധുനിക ഭൗമനിരീക്ഷണ, റഡാർ ഉപഗ്രഹമാണ് ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. ‍ഡിസംബർ 11ന് വൈകിട്ട് 3:25നാണ് പിഎസ്എൽവി സി48 വിക്ഷേപണം നടക്കുക.

റിസാറ്റ് ശ്രേണിയിലെ ഉപഗ്രഹത്തിന് പുറമേ ഒമ്പത് വിദേശ ഉപഗ്രങ്ങളും പിഎസ്എൽവി അമ്പതാം ദൗത്യത്തിൽ ഭ്രമണപഥത്തിലെത്തിക്കും. അമേരിക്കൻ കമ്പനികളുടെ ആറ് ഉപഗ്രങ്ങളും, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോ ഉപഗ്രങ്ങൾ വീതവുമാണ് ന്യൂ സ്പേസ് ഇന്ത്യ വഴി വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിക്കുന്നത്. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 75ആം വിക്ഷേപണം കൂടിയായിരിക്കും ഇത്.