ടെഹ്റാന്‍: ഇറാനിയന്‍ ജനറല്‍ കാസിം സൊലേമാനിയെ ഇറാഖില്‍ വച്ച് കൊന്നതിന് പ്രതികാരമായി ഇറാഖിലെ അൽ അസദ്, ഇർബിൽ സൈനിക താവളങ്ങളില്‍ നടത്തിയത് 'പിന്‍ പോയന്‍റ്'  ബാലസ്റ്റിക് മിസൈല്‍ ആക്രമണമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. അമേരിക്കയ്ക്ക് ഇറാൻ നൽകിയ മുഖമടച്ചുള്ള അടിയാണെന്ന് ആയത്തൊള്ള അലി ഖൊമേനി പറഞ്ഞു. ഇറാൻ പ്രതികാരം തുടങ്ങിയിട്ടേയുള്ളൂ എന്നതിന്‍റെ സൂചനയാണെന്നും ഖമനേയി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

വാണിജ്യ സാറ്റലൈറ്റ് ഇമേജറിയിൽ നിന്ന് ലഭ്യമായ വിവരങ്ങൾ പ്രകാരം ഇറാൻ നടത്തിയത് പിൻ പോയിന്റ് മിസൈൽ ആക്രമണം ആയിരുന്നു എന്നാണ് മനസ്സിലാകുന്നത്. സൈനിക താവളങ്ങളിൽ ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് ആകാശ ചിത്രങ്ങളിൽ കാണിക്കുന്നത്. ഇറാന്‍റെ മിസൈൽ ശക്തി തെളിയിക്കുന്നതാണ് ലഭിക്കുന്ന ദൃശ്യങ്ങള്‍ എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്.

ഇറാഖിലെ അൻബർ പ്രവിശ്യയിലെ ഐൻ അൽ അസദ് സൈനിക താവളവും കുർദിസ്ഥാനിലെ എർബിലിന് പുറത്തുള്ള മറ്റൊരു സൈനിക കേന്ദ്രവും ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രാത്രിയിലാണ് ഇറാൻ ആക്രമിച്ചത്. ക്വിയാം, ഫത്തേ എന്നീ രണ്ടു ബാലസ്റ്റിക്ക് മിസൈലുകളാണ്  ഇറാൻ അമേരിക്കന്‍ സൈനിക കേന്ദ്രം ആക്രമിക്കാന്‍ ഉപയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 290കിലോമീറ്റര്‍ പരിധിയിലേക്ക് ഗൈഡഡ് 500 എൽബി ബോംബുള്‍ വഹിക്കുന്ന പോര്‍മുനയുമായി ഇവ പതിച്ചു എന്നാണ് റിപ്പോര്‍ട്ട്. 

Read More: 'മുഖമടച്ച് അടി'; ഇറാന്‍ അക്രമണ ശേഷമുള്ള യുഎസ് സൈനീകത്താവള ചിത്രങ്ങള്‍ പുറത്ത്

ഈ രണ്ട് തരം മിസൈലുകളില്‍ എത്രയെണ്ണം അമേരിക്കന്‍ ക്യാമ്പുകളെ ആക്രമിച്ചു എന്നതില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. 15 മിസൈല്‍ എന്നാണ് ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ പറയുന്നത്. അതേ സമയം അമേരിക്കന്‍ മാധ്യമങ്ങള്‍ ഇത് 13 വരെ എന്നാണ് പറയുന്നത്.

ഇറാനിയൻ ശാസ്ത്രകാരന്മാര്‍ തദ്ദേശിയമായി ഉണ്ടാക്കിയ മിസൈലുകളാണ് ക്വിയാം, ഫത്തേ  എന്നിവ.  ഹ്രസ്വ-ദൂര ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കരയില്‍ നിന്നും കരയിലേക്ക് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളാണ് ഇവ.  അതേസമയം, ഈ മിസൈലുകളെല്ലാം പ്രത്യേകമായി നിർമിച്ചിരിക്കുന്നത് മിഡിൽ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് എന്ന് റിപ്പോര്‍ട്ടുണ്ട്. ഇറാനിലെ തബ്രിസ്, കെർമാൻഷാ പ്രവിശ്യകളിൽ നിന്നാണ് വിക്ഷേപിച്ചത്.