മക്കളുടെ പിറന്നാൾ എത്ര മനോഹരമായി ആഘോഷിക്കാമോ അത്രത്തോളം ആഘോഷമാക്കുന്നവരാണ് ഇന്നത്തെ സമൂഹത്തിലെ മാതാപിതാക്കൾ, കുട്ടികൾക്ക് ആവശ്യമായ വസ്ത്രങ്ങളും ,കളിപ്പാട്ടങ്ങളും തുടങ്ങി ടാബുകൾ വരെ സമ്മാനമായി നൽകുന്നവരുണ്ട്. സമൂഹമാധ്യമങ്ങളിലും ഇവർ ആഘോഷങ്ങൾ കൊഴുപ്പിക്കാറുണ്ട്. അത്തരത്തിലുള്ള പിറന്നാൾ ആഘോഷങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായിരിക്കുകയാണ് ഗായിക അമൃത സുരേഷിന്റെ നേതൃത്വത്തിലുള്ള അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് .

കഴിഞ്ഞ മാസമായിരുന്നു അമൃത സുരേഷിന്റെ മകൾ അവന്തികയുടെ ജന്മദിനം. വലിയ ആർഭാടങ്ങളോടെ നടത്താമായിരുന്ന പിറന്നാൾ ആഘോഷങ്ങൾ അമൃത സുരേഷും അനിയത്തി അഭിരാമിയുമായും ആഘോഷമാക്കിയത് തൃപ്പുണിത്തറയിലുള്ള ശ്രീ പൂർണ്ണത്രയീശ ബാലാശ്രമത്തിലെ കുട്ടികൾക്കൊപ്പമായിരുന്നു. ഇവിടെത്തെ അന്തേവാസികളായ കുട്ടികളുമായി കൊച്ചി വണ്ടർ ലാ അമ്യൂസ്മെന്റ് പാർക്കിലാണ് അമൃതം ഗമയ മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിൽ അവന്തികയുടെ ജന്മദിനം ആഘോഷിച്ചത്.


കൊച്ചി വണ്ടർ ലാ അമ്യൂസ്മെന്റ് പാർക്കിലേക്കുള്ള യാത്ര കുട്ടികൾക്ക് മികച്ച അനുഭവമാണ് സമ്മാനിച്ചത്. ഡ്രാഗൺ ട്വിസ്റ്റർ ക്യാറ്റർപില്ലർ റൈഡ്, മ്യൂസിക്കൽ റൈഡ് തുടങ്ങിയ ഉല്ലാസ സവാരികൾ എല്ലാം കുട്ടികളെ കൂടുതൽ ആഘോഷത്തിമർപ്പിലാക്കി. ആദ്യമായി അമ്യുസ്മെന്റ്റ്‌ പാർക്ക് കാണുന്ന കൗതുവും സന്തോഷവും എല്ലാം കുട്ടികളിലുമുണ്ടായിരുന്നു. അമൃത സുരേഷും മകൾ അവന്തികയും  പാട്ട് പാടിയും ഡാൻസ് കളിച്ചും കുട്ടികൾക്കൊപ്പം കൂടിയപ്പോൾ അവർക്കും അത് പുതു അനുഭവമായിരുന്നു. ഒരു പകൽ മുഴുവൻ ശ്രീ പൂർണ്ണത്രയീശ ബാലാശ്രമത്തിലെ കുട്ടികൾക്കൊപ്പം വണ്ടർ ലാ അമ്യുസ്മെന്റ്റ്‌ പാർക്കിൽ ചെലവിട്ടതിനു ശേഷമാണ് അമൃത സുരേഷും സംഘവും മടങ്ങിയത്.